Skip to main content

രോഗ- കീട നിയന്ത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു

 

 
വേളം പഞ്ചായത്തിന്റെ വിള ആരോഗ്യ പരിപാലന പദ്ധതിയില്‍ രോഗ- കീടങ്ങളെ നേരിടാനുള്ള ആകസ്മിക പരിപാടിയുടെ ഭാഗമായി രോഗ- കീട നിയന്ത്രണ പദ്ധതി  ഉദ്ഘാടനം ചെയ്തു.  പാവുള്ളാട്ടു പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഇതോടനുബന്ധിച്ച് അട്ടശല്യത്തിനെതിരെ കുമ്മായവും തുരിശും വിതരണം ചെയ്തു.  
  
വേളം പഞ്ചായത്തില്‍ പുഞ്ചകൃഷി സംരക്ഷിക്കുകയും നെല്‍വയലുകള്‍ തരിശിടാതിരിക്കുകയും അട്ടയുടെ ആക്രമണത്തില്‍നിന്നും കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും വളര്‍ത്തു മൃഗങ്ങളേയും സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
 
വേളം പഞ്ചായത്തില്‍ 291 ഹെക്ടറില്‍ 100 ഹെക്ടര്‍ നെല്‍കൃഷി ഇറക്കും. അട്ടശല്യം കുറക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ എന്ന നിലയില്‍ ഭൂമി തരിശിടതിരിക്കാനും നിലം ഒരുക്കുമ്പോഴും നിലം ഒരുക്കി ഒരു മാസത്തിനു ശേഷവും കുമ്മായം വിതറാനും തീരുമാനിച്ചു.  പറിച്ചു നടീല്‍, കളപറി എന്നിവയ്ക്ക് മുമ്പ് ഏക്കറിന് നാല് കിലോ അനുപാതത്തില്‍ നന്നായി പൊടിച്ച തുരിശ് പൊടി മണ്ണുമായി കലര്‍ത്തി വിതറാനും പദ്ധതി നിര്‍ദേശിക്കുന്നു. കുമ്മായം വിതറുന്നതും താറാവുകളെ കൃഷിയിടത്തില്‍ ഇറക്കുന്നതും അട്ടശല്യം ഗണ്യമായി കുറക്കുമെന്ന് വിദഗ്ധര്‍ അറിയിച്ചു.  

വേളം പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീ കരണം നടത്തി. വേളം കൃഷി ഓഫീസര്‍ രാജില്‍, കൃഷി അസിസ്റ്റന്റ് ശരത് കുന്നുമ്മല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

date