Skip to main content

അനധികൃത ഖനനം:14 വാഹനങ്ങള്‍ പിടിച്ചെടുത്തു

 

 

 

വടകര നാദാപുരം വില്ലേജിലെ ചേലക്കാട് ക്വാറിയില്‍ അനധികൃതമായി ഖനന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന 14 വാഹനങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വടകര ആര്‍.ഡി.ഒ. സി.ബിജു വിന്റെ നിര്‍ദ്ദേശപ്രകാരം റവന്യൂ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി.  

സര്‍ക്കാരിന്റെയും ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി.  നിയമവിരുദ്ധമായി സ്‌ഫോടകവസ്തുക്കളും ഖനനത്തിനായി ഉപയോഗിച്ചിരുന്നു.  അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പുലര്‍ച്ചെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. പരാതികളെ തുടര്‍ന്ന് റവന്യൂ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ശനിയാഴ്ച്ച രാവിലെ 6 മണിയോടു കൂടിയാണ് മിന്നല്‍ പരിശോധന നടത്തിയത്.

പിടിച്ചെടുത്ത വാഹനങ്ങള്‍ തുടര്‍ നടപടികള്‍ക്കും പിഴ ഈടാക്കുന്നതിനുമായി ജിയോളജി വകുപ്പിന് കൈമാറി.  ഖനനത്തിന്റെ വ്യാപ്തി നിശ്ചയിച്ച് സര്‍ക്കാരിലേക്കുള്ള റോയല്‍റ്റിയും പിഴയും ഈടാക്കുന്നതിന് ജിയോളജി വകുപ്പിന് ആര്‍.ഡി.ഒ. നിര്‍ദ്ദേശം നല്‍കി. വടകര തഹസില്‍ദാര്‍ ആഷിഖ് തോട്ടോര്‍, ലാന്റ് റവന്യൂ തഹസില്‍ദാര്‍ പ്രസീല്‍ കെ.കെ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുധീര്‍ വി.കെ., നാദാപുരം വില്ലേജ് ഓഫീസര്‍ ഉമേഷ് കുമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ അഭിലാഷ്, സത്യന്‍, സുധീര്‍ കുമാര്‍, വിവേക്, ധനേഷ്, നാദാപുരം സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്ത്, ഷൈജു എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

date