Skip to main content

"സ്ത്രീ സമത്വത്തിന് സാംസ്കാരിക മുന്നേറ്റം" : 'സമം' പരിപാടിയുമായി സാംസ്കാരിക വകുപ്പ്

 

 

 

സ്ത്രീപുരുഷ സമത്വം പ്രചരിപ്പിക്കുന്നതിന്  സാംസ്‌കാരിക വകുപ്പ് ആരംഭിച്ച ’സമം’ - "സ്ത്രീ സമത്വത്തിന് സാംസ്കാരിക മുന്നേറ്റം" പരിപാടിയുടെ ഭാഗമായി ജില്ലയിൽ  വൈവിധ്യമാർന്ന പരിപാടികൾ നടത്തും.   വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക - വിദ്യാഭ്യാസ- ബോധവൽകരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി  ചെയർപേഴ്സണും  ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി കൺവീനറുമായി ജില്ലാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സെമിനാറുകൾ, ഡോക്യുമെന്റേഷൻ, നാടകം, പെൺ കവിയരങ്ങുകൾ, സ്ത്രീ പക്ഷ നിയമ  ബോധവൽക്കരണം, വനിത ചിത്രകല ക്യാമ്പ്, ചിത്രകലാ കളരി, പുസ്തക ചർച്ചകൾ, പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യ പൂർണ്ണമായ 23  പ്രവർത്തനങ്ങളാണ്  നടത്താൻ ലക്ഷ്യമിടുന്നത്. ജില്ലയിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.  യു പി സ്കൂൾ മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.  ജില്ലയിലെ വിവിധ മേഖലകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങളായ വനിതകളെ കണ്ടെത്തി ആദരിക്കും. 

പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.   എഡിഎം സി.മുഹമ്മദ് റഫീഖ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ, യുവജനക്ഷേമ ബോർഡ് അംഗം ദീപു പ്രേംനാഥ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി. ഷിലാസ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ സുമേഷ്, വജ്ര ജൂബിലി ഫെലോഷിപ്പ് ജില്ലാ കോർഡിനേറ്റർ പ്രദീപ് കുമാർ, കുടുംബശീ ജില്ലാ കോർഡിനേറ്റർ പി.സി.കവിത, ലൈബ്രറ്റി കൗൺസിൽ പ്രസിഡന്റ് ദിനേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ തുടങ്ങിയവർ സംസാരിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടറും സമം ജില്ലാ കോഡിനേറ്ററുമായ എൻ. ജയകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ , വിവിധ സാംസാരിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ, യൂത്ത് കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

date