Skip to main content

ഇ-ശ്രം  പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് അപകട ഇൻഷുറൻസായി രണ്ട് ലക്ഷം രൂപ ലഭിക്കും

 

 

 

ഇ-ശ്രം  പോർട്ടലിൽ രജിസ്റ്റർ ചെയ തൊഴിലാളികൾക്ക് പ്രധാൻ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇൻഷുറൻസായി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.  

രാജ്യത്തു അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസാണ് ഇ ശ്രം പോർട്ടലിലൂടെ തയ്യാറാക്കുന്നത്.  ഈ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. 

16 നും 59 വയസ്സിനും ഇടയിലുള്ള ഇ.എസ്.ഐ, ജി.പി.എഫ് ആനുകൂല്യങ്ങൾക്ക് അഹർതയില്ലാത്തവരും  ഇൻകം ടാക്സ് പരിധിയിൽ വരാത്തതുമായ അസംഘടിതമേഖലയിലെ എല്ലാ തൊഴിലാളികൾക്കും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു യൂണിക്ക് ഐഡന്റിഫിക്കേഷൻ കാർഡ് ലഭ്യമാക്കും. ഈ കാർഡിലൂടെ കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നതുമാണ്.  

നിർമ്മാണ തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടവർ, വഴിക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീര കർഷകർ, കർഷകർ,കർഷക തൊഴിലാളികൾ, വീട്ടു ജോലിക്കാർ, തടിപ്പണിക്കാർ, ബീഡി തൊഴിലാളികൾ, പത്ര ഏജന്റുമാർ, ഓട്ടോ ഡ്രൈവർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ തുടങ്ങിയ കേരള ക്ഷേമനിധിയിൽ അംഗങ്ങളായ ഇ.എസ്.ഐ, ഇ.പി.എഫ് പരിധിയിൽ വരാത്ത എല്ലാ തൊഴിലാളികളേയും പ്രസ്തുത പോർട്ടലിൽ ചേർക്കാം.

ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷൻ നടപടികൾ 2021 ഡിസംബർ 31 നകം പൂർത്തിയാക്കണം.  തൊഴിലാളികൾക്ക് പോർട്ടലിലേക്ക് സെൽഫ് രജിസ്ടേഷനുള്ള സൗകര്യവും കോമൺ സർവ്വീസ് സെന്റർ/ അക്ഷയ കേന്ദ്രങ്ങൾ / ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്ക് അവരുടെ ആധാർ നമ്പർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ഐ.എഫ്.എസ്.സി ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയുടെ സഹായത്തോടെ മൊബൈൽ ആപ്പ് വഴി സെൽഫ് രജിസ്ടേഷൻ നടത്താം.  തൊഴിലാളികളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത പക്ഷം കോമൺ സർവ്വീസ് സെന്ററുകൾ / അക്ഷയ കേന്ദ്രങ്ങൾ / ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് മുഖേനയോ ബയോമെട്രിക്ക് സംവിധാനത്തിലൂടെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. 

യോഗത്തിൽ എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ ലേബർ ഓഫീസർ വി പി ശിവരാമൻ,ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ബാങ്ക് സീനിയർ മാനേജർ ജിതേഷ് സെബാസ്റ്റ്യൻ, കോമൺ സർവീസ് സെൻറർ  മാനേജർമാരായ എം കെ നികേഷ്, കെ പി വിക്രം, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ കെ ലേഖ,  ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് സീനിയർ സൂപ്രണ്ട് മുരളീധരൻ , അക്ഷയ കോർഡിനേറ്റർ പി എസ് അഷിത, ഡിസ്ട്രിക്ട് ഇൻഫർമാറ്റിക് ഓഫീസർ മേഴ്സി സെബാസ്റ്റ്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ തുടങ്ങിയവർ പങ്കെടുത്തു.

date