Skip to main content
 ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയ ലിറ്റില്‍ ഇന്ത്യ കാസര്‍കോട് വീഡിയോ വീക്ഷിക്കുന്ന ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്

കാണാം കാസര്‍കോടന്‍ വൈവിധ്യങ്ങള്‍, ലിറ്റില്‍ ഇന്ത്യ വീഡിയോ പ്രകാശനം ചെയ്തു

വിനോദസഞ്ചാരമേഖലയിലെ കാസര്‍കോടന്‍ വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ലിറ്റില്‍ ഇന്ത്യ കാസര്‍കോട്. ജില്ലയിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഹ്രസ്വ വീഡിയോകളിലൂടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ലോകത്തിന് മുന്നിലെത്തിക്കുന്നത്. റാണിപുരം മലനിരകളുടെ മനോഹാരിതയും ബെള്ളൂര്‍ പഞ്ചായത്തിലെ കല്ലേരിമൂല വെള്ളച്ചാട്ടവും, വലിയ പറമ്പ് കായലും, പിലിക്കോട് വയലിന്റെ സൗന്ദര്യവുമെല്ലാം ആകാശ ദൃശ്യങ്ങളിലൂടെയാണ് പകര്‍ത്തിയത്. സംസ്ഥാന സർക്കാർ പുതുതായി നടപ്പിലാക്കുന്ന ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രങ്ങൾ എന്ന ആശയത്തിന്റെ പ്രചാരണം ലക്ഷ്യമിട്ടാണ് വീഡിയോ തയ്യാറാക്കിയത്. ബെള്ളൂർ, വലിയ പറമ്പ്, പിലിക്കോട്, പനത്തടി പഞ്ചായത്തുകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയത്.

ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കൊപ്പം വിദേശ ടൂറിസ്റ്റുകളെയും കാസര്‍കോടിന്റെ പ്രാദേശിക വിനോദസഞ്ചാര ഭൂമികയിലേക്ക് ആകര്‍ഷിക്കും വിധമാണ് വീഡിയോകള്‍.

ജില്ലയുടെ വിനോദ സഞ്ചാര മേഖലയിലെ അനന്ത സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന വീഡിയോകള്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പ്രകാശനം ചെയ്തു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ തോമസ് ആന്റണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ബി.ആര്‍.ഡി.സി മാനേജര്‍ യു.എസ്.പ്രസാദ്, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി സ്ഥാനത്ത് നിന്നുമൊഴിയുന്ന ബിജുരാഘവന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉപഹാരം നല്‍കി.

 

 

date