Skip to main content

ലൈസൻസ് താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ; പരാതി തീർപ്പാക്കാൻ അദാലത്ത്

പല കാരണങ്ങളാൽ താത്കാലികമായി ലൈസൻസ് റദ്ദായ റേഷൻ കടകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുമെന്നു ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അദാലത്തിൽ ഇതു സംബന്ധിച്ച ഫയലുകൾ പരിശോധിച്ച് കട പുനഃസ്ഥാപിക്കുകയോ സ്ഥിരമായി റദ്ദു ചെയ്ത് പുതിയ നോട്ടിഫിക്കേഷനിലൂടെ ലൈസൻസിയെ കണ്ടെത്തുകയോ ചെയ്യുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എഴുന്നൂറോളം റേഷൻ കടകളുടെ ലൈസൻസാണ് പല കാരണങ്ങളാൽ താത്കാലികമായി റദ്ദാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ചുള്ള തുടർ നടപടികളിൽ കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണു ജില്ലകൾ തോറും അദാലത്ത് നടത്തി അടിയന്തര തീരുമാനമെടുക്കുന്നത്. താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ തൊട്ടടുത്ത റേഷൻ കടകളിൽ അറ്റാച്ച് ചെയ്തു പ്രവർത്തിക്കുകയാണ്. ഇതു റേഷൻ കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണു ലൈസൻസ് റദ്ദാക്കിയതിന്റെ ഫയൽ പരിശോധിച്ച് ക്രമക്കേടിന്റെ ഗൗരവം മനസിലാക്കി കട പുനഃസ്ഥാപിക്കുകയോ സ്ഥിരമായി റദ്ദാക്കാനുള്ള നടപടിയെടുക്കുകയോ ചെയ്യുന്നത്.
നടപടികൾ പൂർത്തീകരിച്ച് 2022 ജനുവരി ആദ്യ വാരം സ്ഥിരമായി റദ്ദ് ചെയ്ത കടകൾ നോട്ടിഫൈ ചെയ്യും. കെ.ടി.പി.ഡി.എസ്. ഓർഡർ പ്രകാരമുള്ള സംവരണ തത്വം പാലിച്ചുകൊണ്ടാകും പുതിയ നോട്ടിഫിക്കേഷനുകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 4432/2021

date