Skip to main content

കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം: മന്ത്രി

കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടപ്പിലാക്കാൻ സമയക്രമം തീരുമാനിച്ചെന്നും മാർഗനിർദേശങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബൈലോ പ്രകാരം 2021 ജനുവരി 25ന് ഭരണസമിതികളുടെ കാലാവധി അവസാനിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മൂലം യഥാസമയം തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാതെ വന്നപ്പോൾ നിലവിലുള്ള ഭരണ സമിതിക്ക് തുടരാൻ അനുവാദം നൽകുകയായിരുന്നു.
കുടുംബശ്രീ സംഘടനാ സംവിധാനങ്ങളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സമയബന്ധിതമായും നടത്താൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 4നകം തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടത്തുന്നതിന് ഒരു ഉദ്യോഗസ്ഥനെ കുടുംബശ്രീ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി ജില്ലാ കലക്ടർ നിയോഗിക്കേണ്ടതാണ്. ഡിസംബർ 7നകം സി ഡി എസ് വരണാധികാരിയെ നിശ്ചയിക്കണം. ഡിസംബർ 14നകം എ ഡി എസ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ടത് സി ഡി എസ് വരണാധാകാരിയാണ്. ഇത്തരം കാര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി നടപ്പിലാക്കാൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വ്യക്തമാക്കി.
2022 ജനുവരി 26ന് പുതിയ ഭരണസമിതികൾ അധികാരമേൽക്കണം. അതിന് മുന്നോടിയായി നടക്കേണ്ട തെരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർപട്ടിക പ്രസിദ്ധീകരിക്കലും 2021 ഡിസംബർ 20ന് പൂർത്തിയാക്കും. അയൽക്കൂട്ട യോഗങ്ങൾ ചേർന്ന് അധ്യക്ഷയെ ഡിസംബർ 22നും 26 നും ഇടയിൽ തിരഞ്ഞെടുക്കും. അയൽക്കൂട്ട അധ്യക്ഷമാർക്കുള്ള പരിശീലനം ഡിസംബർ 27 മുതൽ 31 വരെ സംഘടിപ്പിക്കും. അയൽക്കൂട്ട തെരഞ്ഞെടുപ്പ് 2022 ജനുവരി 7 മുതൽ 13വരെ നടത്തും. എ ഡി എസ് തെരഞ്ഞെടുപ്പ് ജനുവരി 16 മുതൽ 21 വരെ നടത്തും. സി ഡി എസ് തെരഞ്ഞെടുപ്പ് ജനവരി 25നാണ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി നിലവിലുള്ള അയൽക്കൂട്ടങ്ങളുടെ അഫിലിയേഷൻ 2021 ഡിസംബർ 15നകം പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
തെരഞ്ഞെടുപ്പ് യോഗ്യത നേടിയ അയൽക്കൂട്ടങ്ങളുടെ വിശദാംശങ്ങൾ ഡിസംബർ 20നകം അതത് ജില്ലാ മിഷൻ ഓഫീസുകളിൽ എത്തിക്കാൻ സി ഡി എസ് മെമ്പർ സെക്രട്ടറിമാർ നിർദേശം നൽകണം. 2020-21 വരെയുള്ള ഓഡിറ്റിംഗ് പൂർത്തീകരിച്ച അയൽക്കൂട്ടങ്ങൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ 2020-21 വരെയുള്ള ഓഡിറ്റിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്ത അയൽക്കൂട്ടങ്ങൾ 2019-20 വരെയുള്ള ഓഡിറ്റിംഗ് പൂർത്തീകരിച്ച് 2020-21ൽ അഫിലിയേഷൻ പുതുക്കിയെങ്കിൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം. വിജ്ഞാപനത്തിന് 90 ദിവസം മുമ്പ് പുതുതായി രൂപീകരിച്ച അയൽക്കൂട്ടങ്ങൾക്ക് ഓഡിറ്റിംഗ് നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.  
പി.എൻ.എക്സ്. 4435/2021

 

date