Skip to main content

ജി.എസ്.ടി: നികുതി വരുമാനം കുറയുന്ന സാഹചര്യം പൂർണമായി പരിഹരിക്കപ്പെടണമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ

ജി.എസ്.ടി. നടപ്പാക്കുന്നതിലെ പാകപ്പിഴ മൂലം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഗണ്യമായ കുറവാണുണ്ടാകുന്നതെന്നും പോരായ്മകൾ പൂർണമായി പരിഹരിക്കപ്പെടാൻ അടിന്തര നടപടിയുണ്ടാകണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജി.എസ്.ടി. നടപ്പാക്കിയതുകൊണ്ട് സംസ്ഥാനങ്ങൾക്കോ നികുതിദായകരായ സാധാരണക്കാർക്കോ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ജി.എസ്.ടി - ഇന്ത്യൻ അനുഭവ പാഠങ്ങൾ' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ(ഗിഫ്റ്റ്) സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്ന രീതിയിലാണു ചരക്കു സേവന നികുതി നടപ്പാക്കിയിരിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾക്കു കിട്ടേണ്ട നികുതിയെന്തെന്നു കേന്ദ്രം തീരുമാനിക്കുന്ന സ്ഥിതിയാണുള്ളത്. ഇതു സംസ്ഥാന സർക്കാരുകളെ മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലും ഗൗരവമായി ബാധിച്ചിട്ടുണ്ട്.
ചരക്കു നീക്കവും നികുതി പിരിവും സുതാര്യമാകും, ചെക്പോസ്റ്റുകൾ വേണ്ട, നികുതി വരുമാനം കൂടും, ഉപഭോക്താക്കൾക്കു ലഭിക്കുന്ന സാധനങ്ങളുടെ വില കുറയും തുടങ്ങിയവയായിരുന്നു ജി.എസ്.ടി. നടപ്പാക്കുമ്പോഴുള്ള വാഗ്ദാനം. ഫലത്തിൽ സംഭവിച്ചത് തിരിച്ചാണ്. ജി.എസ്.ടി. നഷ്ടപരിഹാരം ലഭിക്കുന്നതിലും വലിയ കുറവാണു സംസ്ഥാനത്തിനുള്ളതെന്നും വരുന്ന ജൂലൈയിൽ ഇത് അവസാനിക്കുന്നതോടെ സ്ഥിതി സങ്കീർണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോർപ്പറേറ്റുകൾക്ക് ഇളവുകൾ നൽകുന്നതിലൂടെ കേന്ദ്രത്തിനു പ്രത്യക്ഷ നികുതി വരുമാനത്തിൽ അനുഭവപ്പെടുന്ന വലിയ കുറവ് നികത്താൻ പരോക്ഷ നികുതിയിലേക്കു കൈകടത്തുകയാണ്. ഇതു രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിൽ വലിയ പ്രശ്നം സൃഷ്ടിക്കും. ചരക്കു സേവന നികുതി എന്ന ആശയം കൃത്യവും വ്യക്തവുമായി നടപ്പാക്കിയാൽ വരുമാനം കൂട്ടാൻ കഴിയും. ഇതു നടപ്പാക്കിയതിലെ പാളിച്ച മൂലം നിരവധി ചോർച്ചകൾ ഇപ്പോഴും നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ചരക്കു സേവന നികുതി നടപ്പാക്കി നാലു വർഷം പിന്നിടുന്ന വേളയിൽ സാമ്പത്തിക രംഗത്ത് ഈ പുതിയ നികുതി സമ്പ്രദായം ഉണ്ടാക്കിയിട്ടുള്ളതു നിരാശപ്പെടുത്തുന്ന അനുഭവമാണെന്നു ശിൽപ്പശാലയിൽ പങ്കെടുത്ത മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിയുണ്ടാക്കിയിട്ടുള്ള നിരാശ എല്ലാ തലങ്ങളിലും പ്രകടമാണ്. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വർധനയുണ്ടായിട്ടില്ലെന്നു മാത്രമല്ല താഴേക്കു പോകുകയാണ്. ചരക്കു സേവന നികുതി ഘടനയിൽ പൊളിച്ചെഴുത്തുകൾ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗിഫ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപ്പശാലയുടെ ആദ്യ ദിനത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്ടർ പ്രൊഫ. പിനാകി ചക്രവർത്തി, മുൻ ഡയറക്ടർ പ്രൊഫ. എം. ഗോവിന്ദറാവു, ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്ന് ധനകാര്യ മേഖലയിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 4442/2021

 

date