Skip to main content

സംസ്ഥാനതല ശിശുദിനാഘോഷം: ഒരുക്കങ്ങൾ പൂർത്തിയായി

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കുന്ന ശിശുദിന സമ്മേളനം 14ന് രാവിലെ 11.30ന് ആരംഭിക്കും.
രാവിലെ 11ന് തൈക്കാട് ഗവ. മോഡൽ എൽ.പി സ്‌കൂൾ അങ്കണത്തിൽ നിന്ന് പോലീസിന്റെ തുറന്ന ജീപ്പിൽ ഇത്തവണത്തെ കുട്ടികളുടെ നേതാക്കൾ, സമിതി ഭാരവാഹികളുടെ അകമ്പടിയോടെ ശിശുക്ഷേമ സമിതി ഹാളിൽ പ്രവേശിക്കും. തുടർന്ന് കുട്ടികളുടെ നേതാക്കളുടെ പൊതുസമ്മേളനം ആരംഭിക്കും. കുട്ടികളുടെ പ്രസിഡന്റ്    ഉമ. എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  മിന്ന രഞ്ജിത് സ്വാഗതം പറയും. കുട്ടികളുടെ പ്രധാനമന്ത്രി നിധി പി.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്പീക്കർ ദേവകി ഡി.എസ് മുഖ്യപ്രഭാഷണം നടത്തും. ധ്വനി ആഷ്മി നന്ദി പറയും. മുഖ്യമന്ത്രി പിണറായി വിജയന്റെ ശിശുദിന സന്ദേശം ചടങ്ങിൽ വായിക്കും. വനിതാ  ശിശുവികസന മന്ത്രി വീണാ ജോർജ് ശിശുദിനസ്റ്റാമ്പ് പ്രകാശനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും. മേയർ ആര്യാ രാജേന്ദ്രൻ, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സമിതി ട്രഷറർ ആർ. രാജു തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടി ഓൺലൈനായി വീക്ഷിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിന്റെ ചിത്രം വരച്ച കൊല്ലം പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കന്ററി സ്‌കൂളിലെ അക്ഷയ്. ബി. പിള്ളയ്ക്കും സ്‌കൂളിനുമുള്ള ഉപഹാരങ്ങൾ ചടങ്ങിൽ നൽകും. ശിശുദിനാഘോഷത്തോടനുബന്ധിച്ച് സമിതി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
പി.എൻ.എക്സ്. 4443/2021
 

date