Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ഇ ശ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഭിന്നശേഷിക്കാരായ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇ- ശ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ക്യാമ്പ് ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. അഴീക്കോട് സ്വദേശിയായ ടി ടി സുകുമാരന് കാര്‍ഡ് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

അസംഘടിത മേഖലയിലെ 16നും 59നും ഇടയില്‍ പ്രായമുള്ള ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തവരുമായ ഭിന്നശേഷിക്കാരായ തൊഴിലാളികള്‍ക്കായാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായാണ് ഇ- ശ്രാം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇ- ശ്രാം പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ദേശസാല്‍കൃത ബാങ്കിന്റെ പാസ് ബുക്ക് എന്നിവ ഉപയോഗിച്ചാണ് ഇ- ശ്രാം രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴി രജിസ്ട്രേഷന്‍ നടന്നു വരുന്നുണ്ട്. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ഇതുവരെ ജില്ലയില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഇ ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ്) കെ എ ഷാജു, ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം മനോജ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എന്‍ കെ രാജന്‍, ഡിഫറന്‍ഷ്യലി ഏബിള്‍ഡ് പേര്‍സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് പി വി ഭാസ്‌കരന്‍ വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date