Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 12-11-2021

പോക്‌സോ കോടതിയില്‍  കുട്ടികളുടെ ചിത്രം വര നവംബര്‍ 14 ന്

 ജില്ലാ പോക്‌സോ കോടതിയെ ശിശു സൗഹൃദമാക്കുന്നതിനായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ നടത്തുന്ന ചിത്ര രചന നവംബര്‍ 14 ഞായറാഴ്ച രാവിലെ  9.30 ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ്  ജോബിന്‍ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യും.  സംസ്ഥാന ബാലാവകാശ കമ്മീഷനും തലശ്ശേരി ബാര്‍ അസോസിയേഷനും സംയുക്തമായി  സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബാലാവകാശ  സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍  കെവി മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും.  കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള  അന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ കോടതി ചുവരുകളും  പരിസരവും ചിത്രം വരച്ച് ശിശുസൗഹൃദമാക്കുന്നത്.

ശിശുദിനാഘോഷം ഓണ്‍ലൈനായി നടക്കും

ഈ വര്‍ഷത്തെ ജില്ലാ ശിശുദിനാഘോഷ പരിപാടികള്‍ നവംബര്‍ 14 ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നടക്കും. ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും ശിശു ദിന സന്ദേശം നല്‍കലും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വഹിക്കും. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി സുമേശന്‍ മാസ്റ്റര്‍, ശിശുക്ഷേമ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടികളുടെ നേതൃത്വത്തില്‍ ശിശുദിന സമ്മേളനം നടക്കും.

സിറ്റി പൊലീസ് അത്‌ലറ്റിക് മീറ്റ് 15, 16 തീയതികളില്‍ നടക്കും

കണ്ണൂര്‍ സിറ്റി പൊലീസ് പ്രഥമ അത്‌ലറ്റിക് മീറ്റ് നവംബര്‍ 15,16 തീയതികളില്‍ കണ്ണൂര്‍ പൊലീസ് പരേഡില്‍ നടക്കും. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നവംബര്‍ 16 ചൊവ്വാഴ്ച വൈകിട്ട് 5.30 ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട്് 6.30 ന് വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
പുഴയിലെ മാലിന്യം; സര്‍വ്വേ നടത്തി

പുഴ സംരക്ഷണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ പെരുമ്പ മുതല്‍ കൊറ്റി വരെയുള്ള പുഴയോരങ്ങളില്‍ സര്‍വേ നടത്തി. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിതയുടെ നേതൃത്വത്തിലാണ് പുഴയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെ കുറിച്ച് സര്‍വ്വേ നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രദേശത്തെ പുഴകളെ കുറിച്ച് സര്‍വ്വേ നടത്തുകയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് സര്‍വേ. നഗരസഭ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ചേര്‍ന്ന എട്ട് ഗ്രൂപ്പുകള്‍ വാര്‍ഡുകളില്‍ സര്‍വ്വേ നടത്തുന്നുണ്ട്. പുഴയിലേക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴുക്കി വിടുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും തുടര്‍ന്ന് അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൗണ്‍സിലിന്റെ അംഗീകാരത്തിന് ശേഷം ആക്ഷന്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ വി വി സജിത, സൂപ്രണ്ട് ഹരിപ്രസാദ്, സെക്രട്ടറി എം കെ ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി സുബൈര്‍ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

മെഗാ ജോബ് ഫെയര്‍

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ കല്ലിക്കണ്ടി എന്‍ എ എം കോളേജില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള  തൊഴില്‍ ഉടമകള്‍ക്കും കമ്പനികള്‍ക്കും നവംബര്‍ 18 നകം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യുകയും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഒഴിവുകള്‍ അറിയിക്കുകയും ചെയ്യാം. കമ്പനികളുടെ അധികാരം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

ഗസ്റ്റ്്് അധ്യാപക നിയമനം

കണ്ണൂര്‍ ഗവ പോളി ടെക്‌നിക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പാര്‍ട്ട് ടൈം ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു. എം എ യാണ് യോഗ്യത. അപേക്ഷകര്‍  ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ 13 നകം office@gptckannur.ac.in ല്‍ അയക്കണം. യോഗ്യരായവരില്‍ നിന്നും ഗസ്റ്റ് ലക്ചറര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള പാനലിനായി എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നവംബര്‍ 15 ന് രാവിലെ 10 മണിക്ക് പോളിടെക്‌നികില്‍ നടക്കും. ഫോണ്‍: 04972835106

കാസര്‍കോഡ് പോളിടെക്നിക്ക് കോളേജ് സ്‌പോട്ട് അഡ്മിഷന്‍

കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം സ്‌പോട്ട് പ്രവേശനം നവംബര്‍ 16 ന് ചൊവ്വാഴ്ച്ച നടക്കും. നിലവില്‍ പ്രവേശനം നേടി ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും മറ്റേതെങ്കിലും പോളിടെക്‌നിക്ക് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്കും സ്‌പോട്ട് അഡ്മിഷന് ഹാജരാകാം. താത്പര്യമുള്ളവര്‍ രാവിലെ 9.30 മണിക്കും 10.30 മണിക്കുമിടയില്‍ പോളിടെക്നിക്കില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും പോളിടെക്‌നിക്കില്‍ ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഫീസ് അടച്ച രസീതും അഡ്മിഷന്‍ സ്ലിപ്പും ഹാജരാക്കണം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഉണ്ടായിരിക്കണം. ടി സി ഹാജരാക്കുവാന്‍ സമയം അനുവദിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ 4000/-  രൂപയും മറ്റുളളവര്‍ 7500/- രൂപയും കരുതണം.  ഫോണ്‍: 9495373926, 9744010202, 8606388025, 9400536858.

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു.

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിവിധ വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. സുവര്‍ണശ്രീ (വിവിധ ആവശ്യങ്ങള്‍ക്ക്)-എട്ട് ശതമാനം (മൂന്ന് ലക്ഷം രൂപ), പ്രവര്‍ത്തന മൂലധന വായ്പ- ഏഴ് ശതമാനം (മൂന്ന് ലക്ഷം രൂപ), ബിസിനസ്സ് ഡവലപ്‌മെന്റ് വായ്പ-എട്ട് ശതമാനം(അഞ്ച് ലക്ഷം രൂപ),സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വാഹന വായ്പ-എട്ട്ശതമാനം(എട്ട് ലക്ഷം രൂപ),ഭവന പുനരുദ്ധാരണ വായ്പ-ഒമ്പത് ശതമാനം (അഞ്ച് ലക്ഷം രൂപ), വ്യക്തിഗത വായ്പ-9.5 ശതമാനം(അഞ്ച് ലക്ഷം രൂപ)
സ്വയം തൊഴില്‍ വായ്പകള്‍ ആറ് മുതല്‍ എട്ട് ശതമാനം  വരെ വായ്പാ നിരക്കില്‍ ലഭിക്കും. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ സ്ഥിര താമസക്കാരായ അപേക്ഷകര്‍ കണ്ണൂര്‍ പാറക്കണ്ടിയിലുള്ള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04972 706196.

ഓണ്‍ലൈന്‍ ടൈമിങ്ങ് കോണ്‍ഫറന്‍സുകള്‍ മാറ്റി

മോട്ടോര്‍ വാഹന വകുപ്പ് ഓണ്‍ലൈനായി നടത്തുന്ന ടൈമിങ്ങ് കോണ്‍ഫറന്‍സുകള്‍ ആര്‍ ടി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഓഫ്‌ലൈനായി നടക്കും. നവംബര്‍ 25ന് നടത്താനിരുന്ന ടൈമിംഗ് കോണ്‍ഫറന്‍സ് ഡിസംബര്‍ രണ്ടിലേക്കും 30ന് നടത്താനിരുന്നത് ഡിസംബര്‍ ഏഴിലേക്കും മാറ്റിയതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

ലെവല്‍ക്രോസ് അടച്ചിടും

കണ്ണപുരം - ധര്‍മ്മശാല റോഡില്‍ പാപ്പിനിശ്ശേരി - കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 252-ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ 16ന് രാവിലെ എട്ട് മുതല്‍ നവംബര്‍ 25ന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

വനിതാ പോളിടെക്‌നിക് കോളേജില്‍
മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍

പയ്യന്നൂര്‍ ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കുള്ള മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന് രാവിലെ ഒമ്പത് മണി മുതല്‍ കോളേജില്‍ നടത്തും. ഒഴിവുകള്‍ കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org ലെ വേക്കന്‍സി പൊസിഷന്‍ ലിങ്ക് വഴി അറിയാം. വിവിധ ബ്രാഞ്ചുകളിലായി 90 ഒഴിവുകളാണുള്ളത്. പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ പ്രവേശനം ലഭിച്ചവരില്‍ ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവരും പുതിയതായി പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരും (സംസ്ഥാന അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍) നവംബര്‍ 18ന് രാവിലെ 10 മണിക്കകം പോളിടെക്‌നിക് കോളേജില്‍ ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് എല്ലാ അസ്സല്‍ രേഖകളും സമര്‍പ്പിച്ച് മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടാം. വിശദ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും.  ഫോണ്‍: 9496846109, 9447953128, 9400210189, 9447685420, 9400006457, 04985 203001.

അപേക്ഷ ക്ഷണിച്ചു

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഈ അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്, ക്യാഷ് അവാര്‍ഡ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു.  നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നവംബര്‍ 30നകം സമര്‍പ്പിക്കണം.  പ്ലസ്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് യോഗ്യതാ പരീക്ഷക്ക് 70 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ മാത്രമേ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുകയുള്ളൂ.  അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിലും യൂണിയന്‍ ഓഫീസിലും ലഭിക്കും.  ഫോണ്‍: 0497 27055182.

അസാപ്പില്‍ ട്രയിനര്‍ ഒഴിവ്

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ അസാപ്പില്‍ ഐഇഎല്‍ടിഎസ്/ഒഇടി ട്രയിനര്‍ ഒഴിവ്. യോഗ്യത: ഐഇഎല്‍ടിഎസ് 0ബിരുദം/ ഐഇഎല്‍ടിഎസ് ട്രയിനറായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഒഇടിക്ക് റിട്ട.നഴ്‌സ് ഇംഗ്ലീഷില്‍ പ്രാവീണ്യം/ഒഇടി പ്രിപ്പറേഷന്‍ പ്രൊവൈഡല്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയിരിക്കണം. രജിസ്‌ട്രേഷനായി https://asapkerala.gov.in/news-events-2/ സന്ദര്‍ശിക്കുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് httsp://asapkerala.gov.in/ ഫോണ്‍: 9495999661, 9495999708.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്റ് കമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ വരെയും, പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുളള വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബര്‍ 30. അപേക്ഷ ഫോറം www.peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:0497 2706806.
                                                                                                               
ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍ നിയമനം

 നാരായണ ഹൃദയാലയ ഫൗണ്ടേഷന്‍സ്, എച്ച്എന്‍സിഒജി, ബാംഗ്ലൂര്‍ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന  താത്കാലിക ഗവേഷണ പ്രോജെക്ടിലേക്ക് ക്ലിനിക്കല്‍ ട്രയല്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 25നകം ഓണ്‍ ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍  www.mcc.kerala.gov.in ല്‍ ലഭിക്കും.
ഫോണ്‍: 0490 2399249.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം റേഡിയോഗ്രാഫര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍, എ എല്‍ എസ് സ്റ്റാഫ് നഴ്‌സ് (പുരുഷന്‍മാര്‍ മാത്രം) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിനായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത; റേഡിയോഗ്രാഫര്‍-അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്നും റേഡിയേഷന്‍ ടെക്‌നോളജിയിലുള്ള ഡിപ്ലോമ. ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ഡിഗ്രി, പി ജി ഡി സി എ/ ഡി  സി എ. അഭിമുഖം  നവംബര്‍ 16ന് രാവിലെ 10 മണി.
ഡ്രൈവര്‍-എസ് എസ് എല്‍ സി, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ്, ആംബുലന്‍സ് ഡ്രൈവറായുള്ള പ്രവൃത്തി പരിചയം അഭികാമ്യം. നഴ്‌സ്-അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ഡിപ്ലോ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി അല്ലെങ്കില്‍ ബി എസ് സി നഴ്‌സിങ്ങ്. എ സി എല്‍ എസ്, ബി എല്‍ എസ് ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം നവംബര്‍ 18ന് രാവിലെ 10 മണി. താല്‍പര്യമുള്ളവര്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം രാവിലെ 10 മണിക്ക് മുമ്പ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.  

പാര്‍ട്ട്-ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ് ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ഹോസ്പിറ്റല്‍ സി എസ് എസ് ഡി മെഡിക്കല്‍ ഡിവൈസസ് റീപ്രോസസ്സിങ് ക്വാളിറ്റി മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട്-ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍ ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്‍ക്കും സി എസ് എസ് ഡി ടെക്നിഷ്യന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. ഫോണ്‍: 8301915397, 9447049125. വെബ്‌സൈറ്റ് www.srccc.in

date