Skip to main content

കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 16 ന് നിര്‍വഹിക്കും

 

വൃക്ഷ വിളകള്‍ക്കായുള്ള രാജ്യത്തെ ആദ്യ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം നവംബര്‍ 16 ന് ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വണ്ണാമട അരുണാചല കൗണ്ടര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. പദ്ധതി സ്വിച്ചോണ്‍ കര്‍മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഫെര്‍ട്ടിഗേഷന്‍ സംവിധാനം ഉദ്ഘാടനം കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദും നിര്‍വഹിക്കും.

ജലവിഭവ വകുപ്പിന്റെ 2020- 21 പദ്ധതി വിഹിതമായ 3.1 കോടി ഉപയോഗിച്ച് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ  (കെ. ഐ.ഐ. ഡി.സി.) മേല്‍നോട്ടത്തിലാണ് കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കെ.ഐ.ഐ.ഡി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. തിലകന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രമ്യ ഹരിദാസ് എം.പി, ജലവിഭവ വകുപ്പ്, പട്ടികജാതി- പട്ടികവര്‍ഗ, പിന്നോക്ക വികസന വകുപ്പ് സെക്രട്ടറിയും കെ. ഐ. ഐ. ഡി. സി. മാനേജിങ് ഡയറക്ടറുമായ പ്രണബ് ജ്യോതിനാഥ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ്, ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ്, കെ. ഐ.ഐ. ഡി. സി. ജനറല്‍ മാനേജര്‍ ഡോ. സുധീര്‍ പടിക്കല്‍ ,  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം. സതീഷ്, പ്രിയദര്‍ശനി, ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മനാഭന്‍, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.

54 കര്‍ഷകരുടെ 171 ഏക്കര്‍ കൃഷിഭൂമിയില്‍ വള പ്രയോഗത്തിനും ജലസേചനത്തിനും ഓട്ടോമാറ്റിക് സംവിധാനം

മഴനിഴല്‍ പ്രദേശമായ ചിറ്റൂരിന്റെ കിഴക്കന്‍ പ്രദേശത്തെ എരുത്തേമ്പതി, കൊഴിഞ്ഞമ്പാറ, പഞ്ചായത്തുകളില്‍  ഉള്‍പ്പെട്ട 171 ഏക്കറില്‍ 54 കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചാണ് സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി  പൂര്‍ത്തിയാക്കിയത്. എം.എല്‍.എ.യും ജലസേചന വകുപ്പ് മന്ത്രിയുമായിരുന്ന കെ. കൃഷ്ണന്‍കുട്ടി മുന്‍കൈയെടുത്താണ് 2019 ല്‍ പദ്ധതി ആരംഭിച്ചത്.

പൂര്‍ണമായും ഓട്ടോമാറ്റിക് ഇലക്ട്രോണിക് നിയന്ത്രിത സംവിധാനം

171 ഏക്കര്‍ വിസ്തൃതിയുള്ള കൃഷിയിടത്തില്‍ എല്ലായിടത്തും വെള്ളം എത്തിക്കുന്നതിനായി  പി.വി.സി. പൈപ്പുകള്‍, ജലസേചന കുഴലുകള്‍, നിയന്ത്രണ  വാല്‍വുകള്‍, വള പ്രയോഗത്തിനുള്ള വെഞ്ച്വറി വാല്‍വുകള്‍, വെള്ളത്തിന്റെ അളവും മര്‍ദ്ദവും അളക്കുന്ന മീറ്ററുകള്‍, എന്നിവ ഓരോ കൃഷിയിടത്തിലും സ്ഥാപിച്ചു. കേന്ദ്രീകൃത നിയന്ത്രിത സംവിധാനമുള്ള ഇലക്ട്രോണിക് വാല്‍വുകള്‍ വഴിയാണ് വെള്ളത്തിന്റെ വിതരണം നിയന്ത്രിക്കുന്നത്. കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പവര്‍ യൂണിറ്റുകളില്‍ നിന്നുള്ള വൈദ്യുതിയാണ് ഇതിന് ഉപയോഗിക്കുന്നത്.

മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കൃത്യമായ അളവില്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനും ഓട്ടോമാറ്റിക് ഇലക്ട്രോണിക് നിയന്ത്രിത ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. രണ്ടര ഏക്കര്‍ വിസ്തീര്‍ണമുള്ള ജലാശയത്തില്‍ നിന്നുള്ള വെള്ളമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

60 കുതിരശക്തിയുള്ള പമ്പ് ഉപയോഗിച്ച് പമ്പ് ചെയ്യുന്ന വെള്ളം നിരകളായി സ്ഥാപിച്ചിട്ടുള്ള വിവിധ അരിപ്പകളിലൂടെ അരിച്ചു ശുദ്ധിയാക്കിയാണ് ജലസേചന കുഴലുകളില്‍ എത്തിക്കുന്നത്. ഒരു മണിക്കൂറില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം 130 മീറ്റര്‍ ഉയരത്തിലേക്ക് പമ്പ് ചെയ്യാന്‍ ശേഷിയുള്ള പ്രത്യേക തരം പമ്പ് സെറ്റാണ് ഈ പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ളത്.

ഇസ്രായേല്‍ സാങ്കേതിക വിദ്യ,
നഷ്ടമില്ലാതെ വെള്ളം വേരുകളിലെത്തുന്നു

ഓരോ വിളകള്‍ക്കും ഒരുദിവസം വേണ്ടിവരുന്ന വെള്ളം വിനിമയ നഷ്ടം കൂടാതെ വിളകളുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനാല്‍ വളരെ കുറച്ച് വെള്ളം ഉപയോഗിച്ച് കൃത്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്നു. കുറച്ചു വെള്ളം ഉപയോഗിച്ച് കൂടുതല്‍ സ്ഥലത്ത് മെച്ചപ്പെട്ട രീതിയില്‍ കൃഷി ചെയ്യാന്‍ കഴിയും. ജലസേചനത്തോടൊപ്പം വളപ്രയോഗവും ഈ സംവിധാനത്തിലൂടെ നടത്താം. കൂടാതെ  തൊഴിലാളികളുടെ ചെലവ് കുറയ്ക്കുന്നതിലൂടെ കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നു.

പൂര്‍ണമായും ഇസ്രയേല്‍ സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തനം.  ഒരോ കൃഷിയിടത്തിലും ആവശ്യമായ വെളളത്തിന്റെ അളവ് മുന്‍കൂട്ടി തീരുമാനിച്ച് പ്രോഗ്രാം ചെയ്യുന്നു. ഇതുവഴി അമിത ജല ഉപയോഗം നിയന്ത്രിക്കും. എടുക്കുന്ന വെളളത്തിന്റെ അളവ് അറിയാന്‍ എല്ലായിടത്തും വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. കൃഷിയിടങ്ങളില്‍ വളം നല്‍കുന്നതിനുളള ഉപകരണവും എല്ലാ കര്‍ഷകര്‍ക്കും നല്‍കിയിട്ടുണ്ട്. കൂടാതെ അമിത ജലസേചനം കൊണ്ട് ഉണ്ടാകുന്ന കുമിള്‍ രോഗങ്ങള്‍, മണ്ണിന്റെ ലവണാംശം വര്‍ധിക്കല്‍, വിളവു കുറവ് എന്നിവയും ഒഴിവാക്കുന്നു

വരള്‍ച്ചക്ക് പ്രതിരോധമായി സൂക്ഷ്മ ജലസേചനം

കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ചിറ്റൂരില്‍ ജലസേചനത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ചിറ്റൂരില്‍ ശരാശരി 850 മില്ലിലിറ്റര്‍ മഴ മാത്രമാണ് ലഭിക്കുന്നത്. പച്ചക്കറികള്‍ സമൃദ്ധമായി വളരുന്ന ഈ പ്രദേശങ്ങളില്‍ ഭൂഗര്‍ഭജല വിതാനം 1000 അടിയിലും താഴെ എത്തിയതോടെയാണ് ഇവിടത്തെ കൃഷി പ്രതിസന്ധിയിലായത്. പരമ്പരാഗത ജലസേചന സംവിധാനമുപയോഗിച്ച് തക്കാളി കൃഷി ചെയ്തിരുന്ന വടകരപ്പതി ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ശരാശരി അഞ്ച് ടണ്‍ വിളവാണ്  ഒരു ഹെക്ടറില്‍  നിന്ന്  മുന്‍പ് ലഭിച്ചിരുന്നത്.  കര്‍ഷകനും ചിറ്റൂര്‍ എം.എല്‍.എ കൂടിയായ മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുന്‍കൈയെടുത്ത് നടപ്പാക്കിയ പ്രിസിഷന്‍ ഫാമിംഗ് രീതിയില്‍ ഒരു ഏക്കറില്‍ നിന്ന് 53 ടണ്‍ തക്കാളി വിളവ് ഇവര്‍ക്ക് ഇതുമൂലം ലഭിച്ചു.

ദീര്‍ഘകാല വിളകള്‍ക്കായി രാജ്യത്തെ ആദ്യ പദ്ധതി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കരിമ്പ് കൃഷിക്കും പച്ചക്കറി കൃഷിക്കും സാമൂഹ്യ സൂക്ഷ്മ ജലസേചന രീതി ആരംഭിച്ചിട്ടുണ്ടെങ്കിലും ദീര്‍ഘകാല വിളകള്‍ക്ക് ഈ രീതി നടപ്പാക്കുന്നത് രാജ്യത്ത് ആദ്യമായി കരടിപാറയിലാണ്. തെങ്ങ്, വാഴ, തക്കാളി, പച്ചമുളക്, കിഴങ്ങു വര്‍ഗങ്ങള്‍, കപ്പ, തീറ്റപ്പുല്‍കൃഷി എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരേക്കറില്‍ ശരാശരി 70 തെങ്ങുകള്‍ വീതം മൊത്തം പദ്ധതി പ്രദേശത്ത് ഏകദേശം 12000 ഓളം തെങ്ങുകളാണുള്ളത്. ഒരേക്കറില്‍ നിന്നും നിലവില്‍ 50,000 രൂപയുടെ വരുമാനമാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. രണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ ഇത് ഇരട്ടിയെങ്കിലുമായി വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ മുട്ട, പാല്‍, ഇടവിള കൃഷികള്‍, മറ്റുള്ള കൃഷികള്‍  എന്നിവയിലൂടെ മൊത്തം ഒരേക്കറില്‍നിന്ന് 2 ലക്ഷം രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സുധീര്‍ പടിക്കല്‍, അഗ്രോണമിസ്റ്റ് കെ.ഐ. അനി, പ്രോജക്ട് എഞ്ചിനീയര്‍ അമല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

 

date