Skip to main content

അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്

 

 

 

 അനധികൃതവും  അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുളള
പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്.   നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി  ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ.ലബീബ്,  ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ്് എ.കെ.അനീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പയ്യോളി - വടകര ഭാഗത്ത് രാത്രി പട്രോളിംഗ് നടത്തുകയും ആവിക്കല്‍ ബീച്ചില്‍ കൃത്രിമ പാര് സൃഷ്ടിച്ചുകൊണ്ടുള്ള നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.     തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു വള്ളവും ഇതില്‍ ഉള്‍പ്പെടും. വള്ളങ്ങളില്‍ മണല്‍ നിറച്ച ചാക്കുകള്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍,  തെങ്ങിന്‍ കുലച്ചിലുകള്‍ എന്നിവ കണ്ടെത്തി.   പട്രോളിംഗ് ടീമില്‍  ഫിഷറി ഗാര്‍ഡുമാരായ അനീഷ്.എം.വി, രൂപേഷ് റസ്‌ക്യുഗാര്‍ഡ്   വിഘ്നേഷ്  എന്നിവരും  ഉണ്ടായിരുന്നു.

ആഴക്കടലില്‍ കൃത്രിമ പാര് ഉണ്ടാക്കി വലിയ കണവ മത്സ്യങ്ങള്‍  പിടിക്കാനാണ് ഇത്തരം അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത്. ഇത്തരം രീതികള്‍ കടലില്‍ മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം കടലിന്റെ  ആവാസ വ്യവസ്ഥക്കും ഭീഷണിയാണെന്ന് ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  അശാസ്ത്രീയ മത്സ്യബന്ധനം നടത്തിയതിന്  യാന ഉടമസ്ഥര്‍ക്കെതിരെ കെ.എം.എഫ്.ആര്‍  ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും.  അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധന രീതികള്‍  ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തില്‍  പട്രോളിംഗ് ശക്തമാക്കാന്‍  കോഴിക്കോട്  ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

date