Skip to main content

പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ 

പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി - പട്ടിക വർഗ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രതിഭാ സംഗമവും ഹയർ സെക്കന്ററി പ്രവർത്തനോദ്ഘാടനവും നിർവ്വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. 

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനടുത്തുള്ള ക്യാമ്പസ്സിൽ എം ആർ എസ് വടക്കാഞ്ചേരി, എം ആർ എസ് ചേലക്കര എന്നീ രണ്ട് ഹൈസ്കൂളുകളാണ് പ്രവർത്തിച്ച് വന്നിരുന്നത്. പട്ടികജാതി - പട്ടികവർഗ വകുപ്പ് മന്ത്രിയായി കെ.രാധാകൃഷ്ണൻ ചുമതല ഏറ്റെടുത്തതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ ഇടപെടലിൻ്റെ ഭാഗമായാണ് ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ തിരുവില്വാമലയിലെ കെട്ടിടത്തിലേക്ക് മാറ്റുകയും, വടക്കാഞ്ചേരി എം ആർ എസ്സിന് ഹയർ സെക്കന്ററി അനുവദിക്കുകയും ചെയ്തത്. ബയോ- സയൻസ് വിഭാഗത്തിൽ ഒരു കോഴ്സും കൊമേഴ്സ് വിഭാഗത്തിൽ ഒരു കോഴ്സുമാണ് അനുവദിച്ചിട്ടുള്ളത്. 

എസ് എസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നിർവഹിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ആദ്യമായി പറമ്പിക്കുളം മേഖലയിൽ നിന്നും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വെങ്കടേശ്, അട്ടപ്പാടി മേഖലയിൽ നിന്നും എ പ്ലസ് നേടിയ ആൻഡ്റൂസ് ആന്റണി, മറ്റ് വിഷയങ്ങൾക്ക് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾ എന്നിവർക്ക് അവാർഡ് നൽകി. 

ജില്ലാ പട്ടികജാതി വികസന ഓഫിസർ ലിസ ജെ മങ്ങാട്ട്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, പി ടി എ പ്രസിഡന്റ്‌ എൻ സി രാധാകൃഷ്ണൻ, ഗോപി സി, മറ്റു ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date