Skip to main content

സമഗ്ര വിദ്യാഭ്യാസ പദ്ധതി: ടാസ്ക് ഫോഴ്സ് ചർച്ചായോഗം 17ന് 

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ ടാസ്ക് ഫോഴ്‌സുകളുടെ ചർച്ചായോഗം രാമവർമ്മപുരത്തെ വിജ്ഞാൻ സാഗറിൽ നടക്കും. നവംബർ 17ന് രാവിലെ 10 ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനാകും. 

ജില്ലയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമിടുന്നതാണ് പദ്ധതി. ഭാഷയും സാഹിത്യവും, ശാസ്ത്രം, ഗണിതം, ആരോഗ്യ-കായിക- വിദ്യാഭ്യാസം, കലയും സംസ്കാരവും, ജെന്റർ വിദ്യാഭ്യാസം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസം, വിദ്യാഭ്യാസ സാങ്കേതികത, ആരോഗ്യവും ശുചിത്വവും, കൃഷി, ചരിത്രവും പൈതൃകവും, കൗമാര വിദ്യാഭ്യാസവും കരിയർ ഗൈഡൻസും എന്നിങ്ങനെ 12 ടാസ്ക് ഫോഴ്സുകളാണ് രൂപീകരിച്ചിട്ടുള്ളത്. ജില്ലയിൽ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ടാസ്ക് ഫോഴ്സ് കൺവീനർമാരായി പ്രവർത്തിക്കും. 

ജനപ്രതിനിധികൾ, വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ആരോഗ്യരംഗത്തെ പ്രമുഖർ, സാങ്കേതിക വിദഗ്ദ്ധർ, കാർഷിക-പരിസ്ഥിതി മേഖലകളിലെ പ്രമുഖർ മുതലായവർ ചർച്ചായോഗത്തിൽ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം വിവിധ ടാസ്ക് ഫോഴ്‌സുകളുടെ യോഗങ്ങളും ചേരും. ഉച്ചയ്ക്ക് ശേഷം പൊതുഅവതരണം നടക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ എന്നിവർ അറിയിച്ചു.

date