Skip to main content

നിരോധിത ഫ്‌ളക്‌സ് പരസ്യ ബോര്‍ഡുകള്‍; കര്‍ശന നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം

നിരോധിത വസ്തുക്കള്‍കൊണ്ട് പരസ്യ ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് പരസ്യ ഏജന്‍സികള്‍ക്കും വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രിന്റിങ്ങ് യൂണിറ്റുകള്‍ക്കും മുന്നറിയിപ്പ് നോട്ടീസ് നല്‍കിത്തുടങ്ങി.
പി വി സി ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള തുണി തുടങ്ങിയവ ഹോര്‍ഡിങ്ങ്‌സ്, ബാനറുകള്‍, കടയുടെ ബോര്‍ഡുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിരോധിച്ചതാണ്. പരസ്യബോര്‍ഡുകളില്‍ പ്രിന്റിങ്ങ് സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, പ്രിന്റിങ്ങ് നമ്പര്‍ എന്നിവ കൃത്യമായായി രേഖപ്പെടുത്തുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നിരോധിത വസ്തുക്കളില്‍ പ്രിന്റ്  ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പി വി സി ഫ്രീ, റീ സൈക്ലബിള്‍ ലോഗോ പതിപ്പിച്ച ബോര്‍ഡുകളും ബാനറുകളും ജില്ലയില്‍ വ്യാപകമായി ഉപയാഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നിരോധിത വസ്തുക്കള്‍ക്ക് പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ 100 ശതമാനം കോട്ടണ്‍, പോളി എത്തിലിന്‍, പ്ലാസ്റ്റിക്ക് കോട്ടിങ്ങ് ഇല്ലാത്ത പേപ്പര്‍ എന്നിവയില്‍ പി വി സി ഫ്രീ, റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും പതിച്ചു കൊണ്ടും കോട്ടണില്‍ കോട്ടണ്‍ എന്നും പോളി എത്തിലിനില്‍ പോളി എത്തിലിന്‍ എന്നും രേഖപ്പെടുത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നമ്പറും ചേര്‍ന്നു കൊണ്ട് നിയമം അനുശാസിക്കുന്ന രീതിയിലുള്ള പരസ്യ ബോര്‍ഡുകളും ബാനറുകളും മാത്രമേ ഇനി മുതല്‍ ഉപയോഗിക്കുവാന്‍ പാടുള്ളു. പുന:ചംക്രമണം സാധിക്കുന്ന അത്തരം വസ്തുക്കള്‍ ഉപയോഗശേഷം റീസൈക്ലിങ്ങിനായി പരസ്യ/പ്രിന്റിങ്ങ് ഏജന്‍സിയെ തന്നെയോ അല്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനയെയോ തിരിച്ചേല്‍പ്പിക്കണം. അതില്‍ നിരോധിത വസ്തുക്കള്‍ കാണപ്പെട്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
നിരോധിത വസ്തുക്കള്‍ കൊണ്ടുള്ള മുഴുവന്‍ പരസ്യ ബോര്‍ഡുകള്‍, കടയുടെ ബോര്‍ഡുകള്‍ എന്നിവ ഒരു മാസത്തിനകം നീക്കം ചെയ്യണം. ചട്ടങ്ങള്‍ പാലിക്കാതെ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് പ്രിന്റ്/പരസ്യങ്ങള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയുമാണ് പിഴ. കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം 50,000 രൂപ പിഴ ചുമത്തി ലൈസന്‍സ് ദദ്ദാക്കും

date