Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 15-11-2021

ബി-ടെക് സ്‌പോട്ട് അഡ്മിഷന്‍ 17ന്

ഐ എച്ച് ആര്‍ ഡിയുടെ കീഴിലെ കല്ലൂപ്പാറ എഞ്ചിനിയറിങ്ങ് കോളേജില്‍ ഒഴിവുള്ള മെറിറ്റ്/മാനേജ്‌മെന്റ് സീറ്റുകളില്‍ സ്‌പോട്ട് പ്രവേശനം നവംബര്‍ 17ന് രാവിലെ 10 മണിക്ക് നടക്കും. ഒന്നാം വര്‍ഷ ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിങ്ങ് (സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ്, ഇലക്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിങ്ങ് സീറ്റുകളിലാണ് ഒഴിവ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഗവണ്‍മെന്റ് അംഗീകൃത എന്‍ട്രന്‍സ് പരീക്ഷയില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cek.ac.in ഫോണ്‍: 0469 2677890, 2678983, 8547005034, 9447402630.

ക്ലാസുകള്‍ പുനരാരംഭിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു. ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, മള്‍ട്ടിമീഡിയ ആനിമേഷന്‍ ബാച്ചുകളിലേക്ക് പ്രവേശനം തുടങ്ങി. കൂടാതെ പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ, വേഡ് പ്രൊസ്സസ്സിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി വിത്ത് എം എസ് ഓഫീസ് എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 3ാം നില, സഹാറ സെന്റര്‍, എ വി കെ നായര്‍ റോഡ്, തലശ്ശേരി. ഫോണ്‍: 9961113999, 9400096100.

യുവസാഹിത്യ ക്യാമ്പ് അപേക്ഷ ക്ഷണിച്ചു

യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. ആനുകാലികങ്ങളിലും മറ്റും സൃഷ്ടികള്‍ പ്രസിദ്ധീകരിച്ച യുവ സാഹിത്യപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 40 നും മധ്യേ. പ്രസിദ്ധീകരിച്ച സൃഷ്ടിയുടെ കോപ്പി, വയസ്സ്, യോഗ്യത എന്നിവ തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ്ബ്ജയിലിനു സമീപം, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ നവംബര്‍ 18 ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍: 0497 2750460.

യുവമാധ്യമ ക്യാമ്പ് അപേക്ഷ ക്ഷണിച്ചു

യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ 18 നും 40 നും മധ്യേ പ്രായമുളള യുവ മാധ്യമ പ്രവര്‍ത്തക വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന അടിസ്ഥാനത്തില്‍ രണ്ട് മാധ്യമ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വടക്കന്‍ മേഖലാ ക്യാമ്പ് എറണാകുളം ജില്ലയില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളള മാധ്യമ വിദ്യാര്‍ഥികള്‍ നവംബര്‍ 18 ന് വൈകിട്ട് അഞ്ച് മണിക്കകം യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വിലാസം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ്ജയിലിനു സമീപം, കണ്ണൂര്‍ -2. ഫോണ്‍: 0497 2750460.

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ശക്തമായ മഴ തുടരുന്നതിനാല്‍ നവംബര്‍ 16 ചൊവ്വ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍, തീരദേശങ്ങളിലെ താമസക്കാര്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ കരുതി മാറി താമസിക്കാന്‍ തയ്യാറാവണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കേണ്ടതുമാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണം. മഴ കനക്കുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. പുഴയോരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

വടക്കന്‍ കേരള തീരത്ത് നവംബര്‍ 16ന്  മണിക്കൂറില്‍ 40 മുതല്‍ 60 കി മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലൈഫ് മിഷന്‍; അര്‍ഹരെ കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ പരിശീലനം

ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യ ലിസ്റ്റില്‍ നിന്നും വിട്ടു പോയ അര്‍ഹരായവരെ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. അര്‍ഹതാ മാനദണ്ഡങ്ങള്‍, മുന്‍ഗണനാ മാനദണ്ഡങ്ങള്‍, വെരിഫിക്കേഷന്‍ മൊഡ്യൂള്‍ എന്നിവ സംബന്ധിച്ചുള്ള പരിശീലനം നവംബര്‍ 17ന് രാവിലെ 11 മണിക്ക് നടക്കും. ഗ്രാമ, ബ്ലോക്ക്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ഹൗസിംഗ് ഉദ്യോഗസ്ഥര്‍, അപേക്ഷാ അര്‍ഹത പരിശോധിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, ഒന്നാം അപ്പീല്‍ അധികാരികളായ മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുക്കും.

താല്‍ക്കാലിക നിയമനം

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ (ഗണിതം) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഗണിതത്തില്‍ യോഗ്യത ഉളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 17 ബുധന്‍ രാവിലെ 11 മണിക്ക് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയിലേക്ക് കാര്‍ ബാറ്ററി (മാരുതി സ്വിഫ്റ്റ് ഡി സയര്‍) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 17ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍:0490 2341008.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിലേക്ക് സ്റ്റീല്‍ അലമാര വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 25ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍:0497 2780226.

സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉള്‍നാടന്‍, തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചു ലക്ഷം രൂപ വരെ തിരിച്ചടവില്ലാത്ത ധനസഹായം അനുവദിക്കും. പ്രായപരിധി 20നും 50നും മധ്യേ.  
അപേക്ഷ ഫോറം സാഫിന്റെ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി എന്നീ മത്സ്യഭവനുകളിലും പഞ്ചായത്തുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം മേല്‍പറഞ്ഞ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ 8547439623, 9526239623, 7902502030, 04972732487.

ഫിഷ്മാര്‍ക്കറ്റിങ് ഔട്ട്‌ലെറ്റ്; അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി 2021-22 പദ്ധതി പ്രകാരം ഫിഷ് മാര്‍ക്കറ്റിങ് ഘടക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ മത്സ്യ വില്‍പ്പനയില്‍ താല്‍പര്യമുള്ള അഞ്ച് മുതല്‍ പത്ത് പേരടങ്ങിയ മത്സ്യ കര്‍ഷക സംഘങ്ങള്‍, മത്സ്യ സഹകരണ സംഘങ്ങള്‍, മത്സ്യ തൊഴിലാളി/മത്സ്യ കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം കണ്ണൂര്‍ മത്സ്യ കര്‍ഷക വികസന ഏജന്‍സി, കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, മത്സ്യ ഭവനുകള്‍ എ്ന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മേല്‍പറഞ്ഞ ഓഫീസുകളില്‍ നവംബര്‍ 25നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലെ മത്സ്യ കര്‍ഷക വികസന ഏജന്‍സിയുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2731081, 2732340.

ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ്ങ് കോളേജുകളില്‍
 ബി ടെക് സ്‌പോട്ട് അഡ്മിഷന്‍

ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള എഞ്ചിനീയറിങ്ങ് കോളേജുകളില്‍ മൂന്നാം ഘട്ട അലോട്ട്‌മെന്‍ിനു ശേഷം ഒഴിവു വരുന്ന ബി ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദൃാര്‍ഥികള്‍ അതത് കോളേജുകളില്‍ ബന്ധപ്പെടുക. ഇലക്ട്രോണിക്‌സ് ആന്റ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്‌സ് ആന്റ്  കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്.  ആറ്റിങ്ങല്‍ (8547005037), ചെങ്ങന്നൂര്‍ (8547005032), കരുനാഗപ്പള്ളി (8547005036), കല്ലൂപ്പാറ (8547005034), കൊട്ടാരക്കര (8547005039), ചേര്‍ത്തല (8547005038), അടൂര്‍ (8547005100), പൂഞ്ഞാര്‍ (8547005035), തൃക്കാക്കര (8547005097) എന്നീ കോളേജുകളിലാണ് ഒഴിവുകള്‍. വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട  കോളേജുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്

കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സുവോളജി (ജൂനിയര്‍) താല്‍ക്കാലിക അധ്യാപക ഒഴിവ്. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ നവംബര്‍ 18 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 9961375585.

കൊവിഡ് ധനസഹായം; തീയതി നീട്ടി

കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി.  മദ്രസ്സ അധ്യാപക ക്ഷേമനിധി യില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്തുവരുന്ന അംഗങ്ങള്‍ക്കാണ് ധനസഹായം.  1000 രൂപയാണ് ധനസഹായം.   www.kmtboard.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  ഫോണ്‍: 0495 2966577.  

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
 
ജില്ലയില്‍ ചൊവ്വ (നവംബര്‍ 16) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.  പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ ട്രസ്റ്റ് കമ്യൂണിറ്റി ഹാള്‍, പാപ്പിനിശേരി സാമൂഹികാരോഗ്യകേന്ദ്രം, മട്ടന്നൂര്‍ വയോജന വിശ്രമകേന്ദ്രം, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും മാങ്ങാട്ടുപറമ്പ് ഇ കെ എന്‍ എം ഗവ.ആശുപത്രി, മയ്യില്‍ സി എച്ച് സി, ഇരിവേരി  ആര്‍ വി മെട്ട വിജ്ഞാനവേദി, പേരാവൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും മന്ന സാംസ്‌കരിക നിലയം ചിറക്കല്‍, കോട്ടൂര്‍ സബ്‌സെന്റര്‍, ഈരാറ്റുകുളങ്ങര ജനകീയ മന്ദിരം വാര്‍ഡ് ഒമ്പത് ചിറ്റാരിപ്പറമ്പ്,  കീഴ്പ്പള്ളി ബി പി എച്ച് സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും കണ്ണൂര്‍ ഓഫീസേഴ്‌സ് ക്ലബ്ബില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സിയും  മൂന്ന് വര്‍ഷത്തെ  പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 17ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183.

വിചാരണ മാറ്റി

നവംബര്‍ 17ന് കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

തൃക്കരിപ്പൂര്‍ ഇ കെ എന്‍ എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ഒഴിവുളള സീറ്റുകളിലേക്ക് നവംബര്‍ 18, 19 (വ്യാഴം, വെളളി) തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നവംബര്‍ 18 വ്യാഴം രാവിലെ 8.30 മുതല്‍ 10.30വരെ കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കല്‍
(സ്ട്രീം ഒന്ന്) നവംബര്‍ 19 വെളളി രാവിലെ 8.30 മുതല്‍ 10.30വരെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (സ്ട്രീം രണ്ട്). റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും അതത് ദിവസം പങ്കെടുക്കണം. അപേക്ഷകര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി സി, സി സി എന്നിവ കരുതണം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ അഡ്മിഷന്‍ സ്ലിപ്പ്, ഫീസടച്ച രസീത്, പിടിഎ ഫണ്ട് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.orgwww.gptctrikaripur.in എന്നീ വെബ്‌സൈറ്റില്‍ ലഭിക്കും ഫോണ്‍: 0467 2211400, 9946457866, 9497644788.  
 

date