Skip to main content

തൃത്താലയിൽ സമഗ്ര ജലസംരക്ഷണ പ്രവർത്തനം നടപ്പാക്കും:  സ്പീക്കർ എം.ബി രാജേഷ്  

 

തൃത്താലയിലെ സമഗ്ര ജലസംരക്ഷണ പ്രവർത്തനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമസഭാ സ്പീക്കർ എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ
പ്രാഥമിക കൂടിയാലോചനാ യോഗം ചേർന്നു.
ഭൂഗർഭ ജലവിതാനത്തിൻ്റെ കാര്യത്തിൽ തൃത്താല വളരെ പുറകിലാണ്. കാട്ടാക്കടയിൽ നടപ്പിലാക്കിയ പദ്ധതി തൃത്താലയിൽ പ്രവർത്തികമാക്കി
ജലസമൃദ്ധി നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും, ഇതിന് എല്ലാവരും സഹകരിക്കണമെന്നും യോഗത്തിൽ സ്പീക്കർ പറഞ്ഞു.

ഒരു പഞ്ചായത്തിലെ 
ഒരു തോട് മാതൃകാ തോടാക്കി മാറ്റുകയും, തോടിൻ്റ ഉത്ഭവ സ്ഥാനം മുതൽ പതനസ്ഥാനം വരെയുള്ള സംരക്ഷണം ഉറപ്പാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. എട്ടോളം വകുപ്പുകളുടെ 
പ്രവർത്തനങ്ങൾ സംയോജിപ്പിച്ചാണ് പദ്ധതി ആവിഷ്ക്കരിക്കുക.
ഇതിൻ്റെ അടിസ്ഥാനത്തിൽ സമഗ്രമായ പദ്ധതി രേഖ അടിയന്തരമായി പൂർത്തിയാക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാങ്കേതിക മികവ് വരുത്തി തൊഴിലാളികളുടെ സഹായത്തോടെ സമഗ്രമായ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും.

യോഗത്തിൽ കേരള ഭൂവിനിയോഗ ബോർഡ് കമ്മീഷണർ നിസ്സാമുദീൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി റജീന, വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തൃത്താല മണ്ഡലത്തിലെ  വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, 
ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 

date