Skip to main content

വിവിധോദ്ദേശ ദുരിതാശ്വാസ അഭയകേന്ദ്രം പുല്ലൂര്‍ വില്ലേജില്‍ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പുല്ലൂര്‍ വില്ലേജില്‍ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയിലൂടെ നിര്‍മ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം വ്യാഴാഴ്ച  (നവംബര്‍ 25) ഉച്ചയ്ക്ക് 12 ന്   റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനാകും. രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യ അതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്  തുടങ്ങിയവര്‍ സംസാരിക്കും.

പുല്ലൂര്‍ വില്ലേജ് ഓഫീസ് പരിധിയില്‍ നിര്‍മ്മിച്ച കെട്ടിടം പരിപാലന കമ്മറ്റിയുടെ ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. വില്ലേജ് ഓഫീസര്‍ കണ്‍വീനറും പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യുട്ടീവ് ഓഫീസറും പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാര്‍ അംഗങ്ങളുമായ സൈക്ലോണ്‍ ഷെല്‍ട്ടര്‍ മാനേജ്മെന്റ് ആന്റ് മെയ്ന്റനന്‍സ് കമ്മറ്റിക്കാണ് കെട്ടിടത്തിന്റെ മേല്‍നോട്ട പരിപാലന ചുമതല.

വേള്‍ഡ് ബാങ്കും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം വിവിധോദേശങ്ങള്‍ക്കായി നിര്‍മ്മിച്ചതാണ്.  കെട്ടിടം മറ്റ് പരിശീലന പരിപാടികള്‍ക്കോ മറ്റോ കമ്മിറ്റിക്ക് ഉപയോഗപ്പെടുത്താം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമെല്ലാം ആവശ്യമായ സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3,28,00418 രൂപയുടെ കെട്ടിടത്തില്‍ 800 മുതല്‍ 1000 ആളുകള്‍ക്കുള്ള സൗകര്യമുണ്ട്.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നാണ് മൂന്ന് നിലകളുള്ള കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. ചുഴലിക്കാറ്റ്, കടല്‍ക്ഷോഭം, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ വിഷമഘട്ടത്തിലാകുന്ന ജനങ്ങള്‍ക്ക് താമസിക്കാനുള്ള താല്‍കാലിക സംവിധാനമാണിത്. മാത്രവുമല്ല, വിവിധോദ്ദേശ്യങ്ങള്‍ക്ക് കൂടി ഈ ഷെല്‍ട്ടര്‍ ഉപകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഷെല്‍റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് അഭയകേന്ദ്രത്തിന്റെ  നിയന്ത്രണ ചുമതല. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ  ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതി പ്രകാരം കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളില്‍ വസിക്കുന്നവരെ ദുരന്തമുണ്ടാകുന്ന സമയങ്ങളില്‍ താല്‍കാലികമായി പാര്‍പ്പിക്കുന്നതിന് 17 അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മൂന്ന് എണ്ണമാണ് കാസര്‍കോട് ജില്ലയിലെ മധൂര്‍, കുമ്പള, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളിലാണ് ആരംഭിച്ചത്. മധൂര്‍ പഞ്ചായത്തിലെ കൂഡ്ലു വില്ലേജിലും കുമ്പള പഞ്ചായത്തില്‍ ജി.എസ്.ബി.എസ് സ്‌കൂള്‍ പരിസരത്തുമാണ് സൈക്ലോണ്‍ ഷെഡുകള്‍ സ്ഥാപിച്ചത്. ഇവ നേരത്തെ തന്നെ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

date