Skip to main content

വയോശ്രീ യോജനയില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു വയോജനങ്ങളുടെ ക്ഷേമത്തിന് മുഖ്യ പരിഗണന- കേന്ദ്രമന്ത്രി നാരായണ സ്വാമി

വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പറഞ്ഞു. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സാമുഹിക നീതിയും ശാക്തീകരണവും മന്ത്രാലയം, സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ്, കേരള സാമൂഹിക സുരക്ഷാ മിഷന്‍, ജില്ലാ ഭരണകൂടം എന്നിവ കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

സമൂഹത്തിന്റെ ആവശ്യകത കണ്ടറിഞ്ഞാണ് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ വയോശ്രീ യോജന വഴി വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങാവുകയാണ്. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, സംസാര വൈകല്യം, നടക്കാന്‍ കഴിയാത്തവര്‍ തുടങ്ങി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം പ്രയാസപ്പെടുന്നവര്‍ക്കെല്ലാം ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാകും. അലിംകോ വഴി പൂര്‍ണമായും സൗജന്യമായാണ് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. വയോധികര്‍ക്ക് ഏറെ ഉപകാരപ്രദമാകും വിധമാണ് രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി നടപ്പാക്കുന്നത്. വയോധികരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും ഇവരെ മുഖ്യധാരയിലെത്തിക്കുകയാണ് സാമൂഹിക നീതി വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വയോജനങ്ങള്‍ക്കായി ബജറ്റില്‍ രണ്ട് ശതമാനം വിഹിതം നീക്കി വെക്കുന്നുണ്ട്. ഇതിന് സമാനമായി കേരളത്തിലും നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വയോധികര്‍ക്കും വികലാംഗര്‍ക്കും സഹായം ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ചെമ്മനാട് കണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അധ്യക്ഷത വഹിച്ചു. വാര്‍ധക്യത്തില്‍ പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം വയോജനങ്ങള്‍ക്കുണ്ടാകണമെന്നും കൂടുതല്‍ ആളുകളിലേക്ക് ഇത്തരം സഹായങ്ങള്‍ എത്തണമെന്നും എം.പി പറഞ്ഞു.  ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ,  സബ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി.മനോജ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഷിംന വി.എസ്, നെഹ്രു കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിജയകുമാര്‍.വി, കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും അലിംകോ ബംഗളൂരു യൂണിറ്റ് മേധാവി എ.വി.അശോക് കുമാര്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ ജില്ലയിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

വിതരണം ചെയ്തത് 50 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍

രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയില്‍ കാസര്‍കോട് ജില്ലയില്‍ വിതരണം ചെയ്തത് 50 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍. ഓണ്‍ലൈനായി ക്ഷണിച്ച അപേക്ഷകളില്‍ നിന്നും 910 ഗുണഭോക്താക്കള്‍ക്കാണ് പ്രായാധിക്യത്താലുണ്ടാകുന്ന വിവിധ ശാരീരിക പരിമിതികളെ മറികടക്കുന്നതിനുള്ള സഹായ ഉപകരണങ്ങള്‍ ലഭിച്ചത്. വീല്‍ ചെയര്‍, വാക്കര്‍, ക്രെച്ചസ്, ഊന്നുവടി, കണ്ണടകള്‍, കേള്‍വി സഹായ ഉപകരണങ്ങള്‍, കൃത്രിമ ദന്ത നിരകള്‍, തുടങ്ങി 24  തരം ഉപകരണങ്ങളാണ് വയോശ്രീ യോജന പദ്ധതി പ്രകാരം ലഭ്യമാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള സാമൂഹിക സുരക്ഷാ മിഷനാണ് പദ്ധതിയുടെ നടത്തിപ്പ്. ബ്ലോക്ക് തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും ഉപകരണങ്ങള്‍ വിതരണം ചെയ്യും.

date