Skip to main content

ആസാദി ക അമൃത് മഹോത്സവ്; സ്വാതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര 27,28 തീയതികളില്‍

 ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായുള്ള വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര നവംബര്‍ 27,28 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രശിക്ഷ കേരളയും ഡയറ്റും ചേര്‍ന്നാണ് ചിരസ്മരണ   സ്മൃതി യാത്രയ്ക്ക് സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തെ  സംബന്ധിച്ച് ജില്ലയിലെ എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ക്ക്  നടത്തിയ വിവിധ മത്സരങ്ങളിലെ ജില്ലാതല വിജയികളായ 36 പേരാണ് സ്മൃതി യാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയില്‍ ഭാഗമാകുന്ന കുട്ടികള്‍ ജില്ലയിലെ സ്വാതന്ത്രസമര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രമുഖരുമായി സംവദിക്കും.  ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍മാരും പ്രമുഖ ജനപ്രതിനിധികളും യാത്രയെ അനുഗമിക്കും.

27 ന് രാവിലെ ഒമ്പതിന് സ്വാതന്ത്ര സമര സ്മൃതിയാത്ര മഞ്ചേശ്വരം ഗിളിവിണ്ടുവില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എ.കെ.എം അഷ്റഫ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എന്നിവര്‍ സംസാരിക്കും. കാസര്‍കോട് തളങ്കരയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും ബേക്കല്‍ കോട്ടയില്‍ അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎല്‍എയും വെള്ളിക്കോത്ത് ഇ ചന്ദ്രശേഖരന്‍ എം.എല്‍.എയും കയ്യൂരില്‍ എം.രാജഗോപാലന്‍ എംഎല്‍എയും സ്വീകരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍മാരായ അഡ്വ. വിഎം മുനീര്‍, കെ വി സുജാത, കെ.വി ശാന്ത എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കും.  വിവിധ കേന്ദ്രങ്ങളില്‍ ചരിത്രകാരന്മാരും സംസ്‌കാരിക പ്രഭാഷകന്മാരും കുട്ടികളുമായി സംവദിക്കും. കെ.ആര്‍ ജയാനന്ദ, നിര്‍മല്‍കുമാര്‍ കാടകം, സിജി മാത്യു, പി.എസ് ഹമീദ്, ഡോ. പി പ്രഭാകരന്‍, ഡോ. അജയകുമാര്‍ കോടോത്ത്, പ്രൊഫ വി.കുട്ട്യന്‍, പ്രൊഫ കെ.പി ജയരാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.

കയ്യൂരിലെ സമാപന യോഗത്തില്‍ മത്സര വിജയികളായ കുട്ടികള്‍ക്ക് സമ്മാനദാനം നടത്തും. ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള പ്രാദേശിക സംഘാടക സമിതികള്‍ കുട്ടികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. രചനാ മത്സരങ്ങളിലെ മികച്ച ഇനങ്ങള്‍ സമാഹരിച്ച്  പുസ്തകമാക്കാന്‍ ഉദ്ദേശിക്കുന്നതായി ഡി.ഡി.ഇ കെ വി പുഷ്പ, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.എം ബാലന്‍, എസ്.എസ്.കെ ഡിപിസി  പി രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
 

date