Skip to main content

ആര്‍.ഡി.എസ്.എസ് പദ്ധതി; ജില്ലാതല ഇലക്ട്രിസിറ്റി കമ്മറ്റി രൂപീകരിച്ചു

വൈദ്യുതി ഉപഭോഗത്തില്‍ വരുന്ന നഷ്ടം തടയാനും പ്രസരണ, വിതരണ ഘട്ടങ്ങളിലെ ഗുണമേന്‍മ ഉറപ്പാക്കാനും സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച  കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍.ഡി.എസ്.എസ് (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം) സിന്റെ ഭാഗമായി ജില്ലാതല കമ്മറ്റി രൂപീകരിച്ചു. രാജ്യത്ത്  ആകെ മൂന്ന്  ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുള്ള പദ്ധതി 2026 ഓടെ പൂര്‍ത്തിയാകും. 2021-22 മുതല്‍ 2025-26 വരെ  അഞ്ച് വര്‍ഷമാണ്  കാലയളവ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി.എഫ്.സി കമ്പനിയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. കാസര്‍കോട് ജില്ലയിലെ വൈദ്യുതി വിതരണ പ്രവര്‍ത്തനങ്ങള്‍ക്കായി 80 കോടി രൂപയും പ്രസരണത്തിനായി 55.56 കോടി രൂപയുമാണ് പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത്. പദ്ധതിയിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ പ്രസരണ രംഗത്ത് വലിയ ആധുനികവത്ക്കരണം സാധ്യമാകും. ഇതിലൂടെ കൂടുതല്‍ മികച്ച സേവനം പൊതുജനങ്ങള്‍ക്ക് സാധ്യമാകും. സ്മാര്‍ട്ട് മീറ്ററിങ് മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്ത്  സാധ്യമാകും.

ജില്ലയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയാണ് പദ്ധതിയുടെ ചെയര്‍മോന്‍. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മെമ്പര്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, എം.എല്‍.എ മാരായ ഇ.ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, എ.കെ.എം അഷറഫ് എന്നിവര്‍ മെമ്പര്‍മാരുമായതാണ് കമ്മറ്റി. കാസര്‍കോട് സര്‍ക്കിള്‍ ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. സുരേന്ദ്രയാണ് കമ്മറ്റി കണ്‍വീനര്‍.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ആര്‍.ഡി.എസ്.എസ് പദ്ധതിയുടെ അവതരണവും ചര്‍ച്ചയും നടന്നു. ജില്ലയില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികളുടെ വിവരണം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (പി.എം.യു) കെന്നി ഫിലിപ്പ് നടത്തി. ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷയായി.  യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി,  ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കാസര്‍കോട് സര്‍ക്കിള്‍ ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. സുരേന്ദ്ര എന്നിവര്‍ സംസാരിച്ചു.
 

date