Skip to main content

വനിത സംരംഭകർക്ക് ദേശീയ തലത്തിൽ ആദരം

*ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി 'വനമിത്ര'
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളിൽ നടത്തി വരുന്ന 'വനമിത്ര' ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും ദക്ഷിണേന്ത്യയിൽ നിന്നുള്ള മികച്ച സംരംഭകരെന്ന നിലയിൽ ദേശീയ തലത്തിൽ ആദരിച്ചു. കേന്ദ്ര സർക്കാരിന്റെ ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിശാഖപട്ടണത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഇവരെ ആദരിച്ചത്. ആന്ധ്രപ്രദേശ് പട്ടികവർഗ ക്ഷേമകാര്യ സെക്രട്ടറി കാന്തിലാൽ ഡാൻഡേയാണ് പ്രശസ്തി പത്രം സമ്മാനിച്ചത്.
വനിത വികസന കോർപറേഷൻ നടപ്പിലാക്കുന്ന വനമിത്ര പദ്ധതി ദേശീയ ശ്രദ്ധ നേടിയതിൽ അഭിമാനമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആദിവാസി വനിതകളുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി വനിത വികസന കോർപ്പറേഷൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ സംയോജിത നൈപുണ്യ വികസന പദ്ധതിയാണ് വനമിത്ര. തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഊരുകളിലെ 18 നും 55 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർഥിനികൾക്കും വനിതകൾക്കും നൈപുണ്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ വിവിധങ്ങളായ പരിശീലന പരിപാടികളാണ് നടത്തി വരുന്നത്. കൂടാതെ വസ്ത്ര നിർമ്മാണം, ഡിസൈനിംഗ്, തേനീച്ച പരിപാലനം, പശു പരിപാലനം എന്നിവയിൽ പരിശീലനവും തുടർന്ന് സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങളും നൽകി വരികയാണ്. വളരെ അഭിനന്ദനീയമായ പുരോഗതി കൈവരിച്ച് ഈ പദ്ധതി മുന്നേറുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര പട്ടികവർഗ മന്ത്രാലയം സെക്രട്ടറി അനിൽകുമാർ ത്ധാ, എൻ.എസ്.ടി.എഫ്.ഡി.സി. സി.എം.ഡി. അസിത് ഗോപാൽ തുടങ്ങിയവർ സന്നിഹിതരായി.
പി.എൻ.എക്സ്. 4676/2021
 

date