Skip to main content

വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്‍റെ ആര്‍ട്ട് റൂം പദ്ധതി

ആലപ്പുഴ: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം  സ്കൂളുകളിലെത്തിയ വിദ്യാർഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് കൊച്ചി ബിനാലെ ഫൗണ്ടേഷനും അംബേദ്കർ സർവകലാശാലയുമായി ചേർന്ന്ആര്‍ട്ട് റൂം പദ്ധതി നടപ്പാക്കുന്നു. കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും സർഗ്ഗശേഷി വളര്‍ത്തുന്നതിനും     പഠനനിലവാരം ഉയര്‍ത്തുന്നതിനുമാണീ പദ്ധതി. 

അഭിരുചിക്കനുസരിച്ച് കലാസ്വാദനം നടത്തുന്നതിന് അവസരമൊരുക്കുന്നതിനൊപ്പം കലാവാസന പരിപോഷിപ്പിക്കുകയും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ അടുത്തറിയാന്‍ അവസമൊരുക്കുകയും ചെയ്യും. പുതിയ അറിവുകളിലൂടെ പഠനവും ജീവിത വീക്ഷണവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 

ജില്ലയിലെ സ്കൂളുകളും വായനശാലകളും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. വായനശാലകളിലും, പൊതു ഇടങ്ങളിലും  കുട്ടികള്‍ക്കായി പ്രദര്‍ശനങ്ങളും വർക്ക്‌ഷോപ്പുകളും ക്ലാസുകളും സംഘടിപ്പിക്കും. പ്രകൃതിയോട് ചേര്‍ന്നുള്ള പഠനരീതിയാണ് പിന്തുടരുക.

ആദ്യഘട്ടത്തിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് ജില്ലയിലെ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. അധ്യാപകരേയും, രക്ഷകർത്താക്കളേയും,  പൊതുജനങ്ങളെയും ഇതില്‍ പങ്കാളികളാക്കും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.  കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ എ.ബി.സി പ്രോഗ്രാം കോ- ഓര്‍ഡിനേറ്റർ ബ്ലേസ് ജോസഫ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആര്‍. റിയാസ്,  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആര്‍. ഷൈല,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്,  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date