Skip to main content

ഭിന്നശേഷി ദിനാഘോഷം; ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും കലാ പരിപാടികളും നടന്നു

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും മാര്‍ത്തോമ കോളേജ് ഓഫ് സ്പെഷ്യല്‍ എജ്യുക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍  നടത്തിയ ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും കലാ പരിപാടികളുടെ ഉദ്ഘാടനവും  പടന്നക്കാട് ബേക്കല്‍       ക്ലബ്ബില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗസഭ അധ്യക്ഷ കെ.വി സുജാത അധ്യക്ഷയായി. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിപാടിയില്‍  ഓട്ടിസത്തെ അതിജീവിച്ച് വേള്‍ഡ് റെക്കോഡ് നേടിയ മര്‍വാന്‍ മുനവറിനെ ആദരിച്ചു. തളങ്കര തെരുവത്ത് സ്വദേശിയായ മുനവര്‍ ശുഐബിന്റെയും എരിയാല്‍ ചേരന്‍കൈ സ്വദേശി സബീലയുടെയും മകനാണ് മര്‍വ്വാന്‍ മുനവ്വര്‍ എന്ന 22 കാരന്‍. ഏഴാം ക്ലാസ് വരെ ഒമാനില്‍ ആയിരുന്നു പഠനം. ഹൈ സ്‌കൂള്‍ പഠനം ചെമ്നാട് ജമാ അത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍.  കാസര്‍കോട് ഗവ. ഐ.ടി.ഐ യില്‍ മള്‍ട്ടി മീഡിയ കോഴ്സിന് പഠിക്കുന്ന മര്‍വ്വാന്‍  നിരവധി ഓണ്‍ലൈന്‍ മത്സരങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ആറോളം മ്യൂസിക് വീഡിയോ ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം നോബല്‍ വേള്‍ഡ് റക്കോഡ് കരസ്ഥമാക്കി.  

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. അഹമ്മദ് അലി, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, എസ്.എസ്.കെ പ്രോഗ്രാം ഓഫീസര്‍ നാരായണ, മാര്‍ത്തോമ കോളേജ് ഓഫ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഫാ. മാത്യു സാമുവല്‍, ഫാ. ജോസ് ചെമ്പോട്ടിക്കല്‍, കെ.കെ നാരായണന്‍, സന്തോഷ് മാളിയേക്കല്‍,  ടി. പവിത്രന്‍, സതീശന്‍ ബേവിഞ്ച, കെ.വി സുകുമാരന്‍, മുനീസ അമ്പലത്തറ,  ഷക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്  മര്‍വാന്‍ മുനവ്വര്‍, കരീം, ദേവദത്തന്‍, സുധീഷ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും നടന്നു.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് സ്വാഗതവും മാര്‍ത്തോമ കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പൂജ ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു.

date