Skip to main content

കുന്നംകുളം ഹൈടെക് പൊലീസ് സ്റ്റേഷന്‍ ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷന്‍ ഈ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എ സി മൊയ്തീന്‍ എം എല്‍ എ അറിയിച്ചു.കുന്നംകുളം എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹൈടെക് പൊലീസ് സ്റ്റേഷന്റെ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

എം എല്‍ എ യോടൊപ്പം ജില്ലാ പൊലീസ് മേധാവി ആര്‍ ആദിത്യ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, കുന്നംകുളം എ സി പി ടി എസ് സിനോജ് തുടങ്ങിയവരും ഉണ്ടായിരുന്നു. സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ മൂന്ന് നിലകളിലായാണ് നിർമിക്കുന്നത്.  നിലകളുടെ നിർമ്മാണം പൂർത്തിയായി.  എം എൽ എ എ സി മൊയ്തീൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരിക്കെ 2020ൽ  എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഇതിനായി ഒന്നര കോടി രൂപ അനുവദിച്ചത്. 

തൃശൂർ റോഡിലുള്ള പഴയ പൊലീസ് സ്റ്റേഷൻ പൊളിച്ചാണ് കഴിഞ്ഞ സെപ്റ്റംബറിൽ  പുതിയ ഹൈടെക് പൊലീസ് സ്റ്റേഷന് തറക്കല്ലിട്ടത്. എയർ കണ്ടീഷൻ, ലിഫ്റ്റ്, ടി വി ഹാൾ, കോൺഫറൻസ് ഹാൾ, സന്ദർശക മുറി, വാഹന പാർക്കിങ്, ഗാർഡൻ, കവാടം മുതലായ സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്. 

10, 500 ചതുരശ്രയടി വിസ്തീർണത്തിലാണ് ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്. വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിനാണ് നിർമ്മാണ പ്രവൃത്തിയുടെ മേൽനോട്ടം നൽകിയിരിക്കുന്നത്. കുന്നംകുളം നഗരസഭ എൻജിനീയറിങ് വിഭാഗമാണ് രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങളിൽ മുഖ്യ സഹായം നൽകുന്നത് 

തൃശൂർ റോഡിലെ പൊലീസ് സ്റ്റേഷൻ പൊളിക്കൽ നടപടികൾക്കായി അടച്ചതിനെ തുടർന്ന് ഗുരുവായൂർ റോഡിലെ താൽക്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ  സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

date