Skip to main content

കെയര്‍ ഹോം; 40 കുടുംബങ്ങള്‍ക്കുള്ള ഭവന സമുച്ചയം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും (ഡിസംബര്‍ 6)

സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ കെയര്‍ ഹോം പദ്ധതി വഴി 40 കുടുംബങ്ങള്‍ക്ക് കൂടി സുരക്ഷിത ഭവനം. കെയര്‍ ഹോം രണ്ടാംഘട്ട ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും ഇന്ന് (ഡിസംബര്‍ 6) വൈകീട്ട് മൂന്ന് മണിക്ക്മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, റവന്യൂ മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികളാകും. 

സഹകരണ വകുപ്പിന്റെ കെയര്‍ ഹോം രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1.06 ഏക്കര്‍ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി 4.63 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ഛയങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു ബ്ലോക്കില്‍ നാല് വീടുകള്‍ എന്ന രീതിയില്‍ 10 ബ്ലോക്കുകളിലായി 40 വീടുകളാണുള്ളത്. 432 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകളില്‍ 2 കിടപ്പുമുറികള്‍, ഒരു ബാത്ത് റൂം, അടുക്കള, ഹാള്‍ എന്നീ സൗകര്യങ്ങളടങ്ങിയതാണ് വീടുകള്‍. കുട്ടികള്‍ക്കായി പൊതുകളിസ്ഥലം, വ്യായാമത്തിനായി ജിം ഏരിയ, കമ്യൂണിറ്റി ഹാള്‍, അഷ്ടദള രൂപത്തിലുള്ള വിശ്രമ കേന്ദ്രം, പൊതു കിണര്‍, ബോര്‍വെല്‍, വാട്ടര്‍ ടാങ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഫ്ളാറ്റ് സമുച്ചയങ്ങളിലേക്കായി പൊതുവായ റോഡും പൂന്തോട്ടവുമുണ്ട്. 

സംസ്ഥാനത്ത് ഇതുവരെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കെയര്‍ ഹോം ഒന്നാം ഘട്ട പദ്ധതിയിലൂടെ 2000ത്തോളം വീടുകള്‍ സഹകരണ വകുപ്പ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഇതില്‍ 503 വീടുകള്‍ തൃശൂര്‍ ജില്ലയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്കും സ്വന്തമായി വീട് നിര്‍മിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കുമായാണ് കെയര്‍ ഹോം രണ്ടാം ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ആദ്യ കെയര്‍ ഹോം ഫ്‌ളാറ്റ് സമുച്ചയമാണ് പഴയന്നൂരില്‍ ഒരുങ്ങിയിരിക്കുന്നത്. 

സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് നല്‍കേണ്ട ലാഭവിഹിതവും ഡയറക്ടര്‍മാരുടെ സിറ്റിങ് ഫീസ്, ഓണറേറിയം എന്നിവയും ജിവനക്കാരുടെ ശമ്പളത്തിലെ ഓഹരിയും നീക്കിവെച്ചാണ് സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിക്കായി ഫണ്ട് സ്വരൂപിച്ചത്. പഴയന്നൂരിലെ 40 വീടുകളില്‍ 5 എണ്ണം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും ബാക്കി 35 വീടുകള്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ ആളുകളുടെ ലൈഫ് മിഷന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമാണ് നല്‍കുന്നത്. 

കെയര്‍ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, സഹകരണ സംഘം രജിസ്ട്രാര്‍ പി ബി നൂഹ്, സഹകരണ വകുപ്പ് ഗവ.സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, കൊച്ചി സ്മാര്‍ട്ട് വിഷന്‍ ലിമിറ്റഡ് സിഇഒ എസ് ഷാനവാസ്, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുക്കും.

date