Skip to main content

ഉപതിരഞ്ഞെടുപ്പ് ; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ നൽകി 

തൃശൂർ ജില്ലയിൽ ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ നൽകി.
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 18-ാം വാർഡ് ചാലാംപാടം, മതിലകം ബ്ലോക്ക് പഞ്ചായത്ത് 10-ാം വാർഡ് അഴീക്കോട്, കടപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ലൈറ്റ്ഹൗസ് എന്നീ നിയോജക മണ്ഡലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.  

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന  മണ്ഡലങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ 7ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ പോളിംഗ് സ്റ്റേഷനുകളായി നിർണ്ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോളിങ്ങിൻ്റെ തലേദിവസമായ 6-ാം തീയതിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഓഫീസ് മേധാവികൾ  7 ലെ തിരഞ്ഞെടുപ്പിനും 8-ാം തീയതിയിലെ വോട്ടെണ്ണലിനും യാതൊരു വിധ തടസ്സങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട സൗകര്യം സ്ഥാപനത്തിൽ ഏർപ്പാടാക്കേണ്ടതും, സ്ഥാപനം യഥാവിധി തുറന്നുകൊടുക്കേണ്ടതുമാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ വോട്ടവകാശം ഉള്ളവരും, എന്നാൽ വാർഡിനു പുറത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുമായ വോട്ടർമാർക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികൾ സൗകര്യം ചെയ്യണം. 

ഇതിന് പുറമെ കേരള അബ്കാരി ആക്ട് ചട്ടപ്രകാരം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയ്ക്കുള്ളിൽ ഡിസംബർ 5-ാം തീയതി വൈകുന്നേരം 6 മണി മുതൽ ഡിസംബർ 7-ാം തീയതി വൈകുന്നേരം 6 മണി വരെ വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതലും ഡിസംബർ 8-ാം തിയതി വോട്ടെണ്ണൽ ദിവസവും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയതായും അതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

date