Skip to main content

കണ്ണൂർ അറിയിപ്പുകൾ O7 - 12 - 2021

സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് നീട്ടി

 

ഡിസംബര്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ച സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് നീട്ടിയതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

സാക്ഷ്യപത്രം ഹാജരാക്കണം

 

വളപട്ടണം ഗ്രാമപഞ്ചായത്തിലെ വിധവ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിതരോ വിവാഹിതരോ അല്ലെന്ന ഗസറ്റഡ് ഓഫീസര്‍/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഡിസംബര്‍ 31നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

 

പുനര്‍വിവാഹത്തിന് അപേക്ഷ ക്ഷണിച്ചു

 

വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള വിഡോ ഹെല്‍പ് ഡെസ്‌ക് വിധവകള്‍/ വിവാഹമോചനം നേടിയ സ്ത്രീകളെ വിവാഹം ചെയ്യാന്‍ തല്‍പരരായ അവിവാഹിതര്‍/ വിഭാര്യര്‍/ വിവാഹ മോചനം നേടിയ പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ഗുരുതരമായ രോഗങ്ങള്‍ ഇല്ലെന്ന ഗവ.മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, സ്വഭാവത്തെയും കുടുംബത്തെയും നയിക്കാന്‍ കാര്യപ്രാപ്തിയുണ്ടെന്നതിനെകുറിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് മെമ്പര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, ഫുള്‍സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 31നകം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിലെ വിഡോ ഹെല്‍പ്‌ഡെസ്‌കില്‍ നേരിട്ട് സമര്‍പ്പിക്കണം.  

പുനര്‍ വിവാഹത്തിന് താല്‍പര്യമുള്ള വിധവകള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിഡോ ഹെല്‍പ്‌ഡെസ്‌കില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8129469393.

 

ടെക്‌നോളജി ക്ലിനിക്ക് ഡിസംബര്‍ 9, 10 തീയതികളില്‍

 

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൈത്തറി, പവര്‍ലൂം സംഘങ്ങള്‍, ഗാര്‍മെന്റ്‌സ് യൂണിറ്റുകള്‍ എന്നിവര്‍ക്ക് ഡിസംബര്‍ ഒമ്പത്,10 തീയതികളില്‍ തോട്ടട ഐഐഎച്ച്ടിയില്‍ ടെക്‌നോളജി ക്ലിനിക്ക് നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ രാവിലെ 10 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ടി ഒ ഗംഗാധരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും.

 

എസ് സി പ്രമോട്ടര്‍ ഒഴിവ്

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് ബ്ലോക്കിലെ തളിപ്പറമ്പ്, ആന്തൂര്‍ മുനിസിപ്പാലിറ്റി, ഉദയഗിരി, ചെങ്ങളായി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ കൊര്‍പ്പറേഷനിലെ എടക്കാട്, എളയാവൂര്‍ സോണല്‍, ഇരിക്കൂര്‍ ബ്ലോക്കിലെ മയ്യില്‍ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലേ.ക്കിലെ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, പാനൂര്‍ ബ്ലോക്കിലെ ചൊക്ലി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ എസ് സി പ്രമോട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  

18നും 40നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു പാസായവരായിരിക്കണം അപേക്ഷകര്‍. പത്താം ക്ലാസ് പാസായവര്‍ക്കും സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാം. ഇവരുടെ പ്രായപരിധി 50 വയസ്. താല്‍പര്യമുള്ളര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി/റസിഡന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 17ന് ഉച്ചക്ക് രണ്ട് മണിക്ക് സിവില്‍ സ്റ്റേഷന്‍ അനക്‌സിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2700596.

 

താല്‍ക്കാലിക നിയമനം

 

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം ഡയാലിസിസ് ടെക്‌നീഷ്യന്‍ (ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി), കാത്ത് ലാബ് സി സി യു സ്റ്റാഫ് നഴ്‌സ് (പ്ലസ്ടു സയന്‍സ്, പി എസ് സി അംഗീകൃത ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി/ ബി എസ് സി നഴ്‌സിങ്, സി സി യുവിലുള്ള പ്രവൃത്തി പരിചയം) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 13ന് രാവിലെ 10 മണിക്ക് മുമ്പായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം.

 

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ ഡി വി 016/2014) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ഫെബ്രുവരി ആറിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ നീട്ടിയ കാലാവധി 2021 ആഗസ്ത് നാലിന് അവസാനിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

 

ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി എ സി എ-എം, 616/2013) തസ്തികയിലേക്കുള്ള നിയമനത്തിനായി നിലവില്‍ വന്ന 98/17/ഡി ഒ സി നമ്പര്‍ റാങ്ക് പട്ടിക ലിസ്റ്റ് കാലയളവില്‍ നിലവില്‍ വന്ന ഒഴിവിലേക്ക് നിയമന ശുപാര്‍ശ ചെയ്ത ഉദേ്യാഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനാല്‍ 2021 ജൂലൈ ആറിന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

 

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്

 

ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ എട്ട് ബുധന്‍ വൈകിട്ട് 2.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

ലേലം

 

ചീമേനി ഓപ്പണ്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം ഫാമിലെ കാളക്കുട്ടന്‍മാരെയും പന്നികളെയും ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0467 2251390.

 

ക്വട്ടേഷന്‍

 

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 17ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

കോളേജിലെ വാല്വേഷന്‍ ക്യാമ്പിലേക്ക് കെട്ടിച്ചമച്ച ഷെല്‍ഫുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

കോളേജിലെ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 23ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

 

ദര്‍ഘാസ്

 

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ടെക്വിപ് ഫണ്ട് ഉപയോഗിച്ച് ഡി ബ്ലോക്കിലെ വിവിധ വകുപ്പുകളിലും സി എസ് ഡി വകുപ്പിലെയും ഉപയോഗശൂന്യമായ എയര്‍ കണ്ടീഷണര്‍ പുതുക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 22ന് ഉച്ചക്ക് 12.30 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2780226.

date