Skip to main content

ലിറ്റിൽ കൈറ്റ്‌സ്  അഭിരുചി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നവംബർ 27 ന് നടന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത 1951 വിദ്യാലയങ്ങളിലെ 80763 വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. ഇവരിൽ 1871 വിദ്യാലയങ്ങളിൽ നിന്നുള്ള 59170 വിദ്യാർത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഭിരുചി പരീക്ഷയിൽ 25 ശതമാനത്തിലധികം മാർക്ക് നേടിയ നിശ്ചിത എണ്ണം വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുത്തത്. പരീക്ഷാഫലം അതത് വിദ്യാലയങ്ങളുടെ ലിറ്റിൽ കൈറ്റ്‌സ് ഓൺലൈൻ മാനേജ്‌മെന്റ് സിസ്റ്റം ലോഗിനിൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. പരീക്ഷാ ഫലം സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 2060 ഹൈസ്‌കൂളുകളിലാണ് ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പദ്ധതിയിൽ നിലവിൽ 1.15 ലക്ഷം കുട്ടികൾ അംഗങ്ങളാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വിഭാവനം ചെയ്തിട്ടുള്ളത്. ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾക്ക് അവരുടെ പ്രവർത്തന മികവിന്റേയും പ്രവർത്തനങ്ങളുടേയും അടിസ്ഥാനത്തിൽ ഗ്രേഡ് സർട്ടിഫിക്കറ്റും അതിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 4927/2021
 

date