Skip to main content

പഠ്‌ന ലിഖ്‌ന അഭിയാന്‍' സര്‍വ്വേ ജില്ലാതല ഉദ്ഘാടനം ഇന്ന്

           
കേരള സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതി പഠ്‌ന ലിഖ്‌ന അഭിയാന്റെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 14) രാവിലെ 9.30ന് താനാളൂര്‍ മഞ്ചാടിക്കുന്ന് പട്ടികജാതി കോളനിയില്‍ കേരള കായിക വഖഫ്- ഹജ്ജ് -റയില്‍വെ കാര്യ മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, താനാളൂര്‍ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും , വിവിധ ഉദ്യോഗസ്ഥരും സാക്ഷരതാ പ്രവര്‍ത്തകരും പഠിതാക്കളും സംബന്ധിക്കും.

2009 ന് ശേഷം കേരളത്തിന് ലഭിക്കുന്ന ആദ്യ കേന്ദ്ര സര്‍ക്കാര്‍ സാക്ഷരതാ പദ്ധതിയാണ്  ''പഠ്‌ന ലിഖ്‌ന അഭിയാന്‍'' മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് ജില്ലകളിലായി രണ്ട് ലക്ഷം പേരെ സാക്ഷരരാക്കാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. മലപ്പുറം ജില്ലയില്‍ 50,000 നിരക്ഷരരെ ''പഠ്‌ന ലിഖ്‌ന അഭിയാന്‍'' പദ്ധതിയിലുടെ സാക്ഷരരാക്കും. പട്ടികജാതി, പട്ടികവര്‍ഗം ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ക്ക് ഊന്നല്‍ നല്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി വിജയിപ്പിക്കുന്നതിനായി ജില്ലാതലത്തിലും, നഗരസഭാ, പഞ്ചായത്ത്തലത്തിലും, വാര്‍ഡ്തലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍ എന്നിവര്‍ക്കും തുല്യതാ അധ്യാപകര്‍, പട്ടികജാതി- പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ എന്‍.വൈ.കെ എന്നിവര്‍ക്കായി ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് പദ്ധതി വിജയിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്രദേശികമായി ജനപ്രതിനിധികള്‍, കുടുംബശ്രീ, സംഘടനകള്‍, സാക്ഷരതാപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍കൊള്ളിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.    
 
നിരക്ഷരര്‍ അധിവസിക്കുന്ന മേഖയില്‍ ജനപ്രതിനിധികള്‍, സാക്ഷരതാ, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ കുടുംബശ്രീ, എന്‍.വൈ.കെ യുവജനക്ഷേമ വകുപ്പ്, എന്‍.എസ്.എസ്, അങ്കണവാടി പ്രവര്‍ത്തകര്‍, പട്ടികജാതി പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍, ക്ലബുകള്‍, വായനശാലകള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തോടെ സര്‍വേ നടത്തി പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. ഡിസംബര്‍ 15 നകം പഞ്ചായത്ത് നഗരസഭാതലത്തില്‍  സര്‍വേ ക്രോഡീകരിക്കും. സര്‍വേയില്‍ കണ്ടെത്തുന്ന നിരക്ഷരര്‍ക്ക് 10 പേര്‍ക്ക് വീതം ഓരോ ക്ലാസുകള്‍ വീതം 5000 വളണ്ടറി ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ 5000 സാക്ഷരതാ ക്ലാസുകള്‍ നടത്തും. 2022 മാര്‍ച്ചില്‍ സാക്ഷരതാ ക്ലാസുകള്‍പൂര്‍ത്തിയാക്കി ''മികവുത്സവം'' സാക്ഷരതാ പരീക്ഷ നടത്തും.

 

date