Skip to main content

ഖാദി വിപണനം വർധിപ്പിക്കാൻ ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തും: ഖാദി ബോർഡ് വൈസ് ചെയർമാൻ

ഖാദി ഉൽപന്നങ്ങളുടെ വിപണനം വർധിപ്പിക്കുന്നതിന് ഓൺലൈൻ വിപണന സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തുമെന്നും സ്വീകാര്യത ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ വിപണിയിലിറക്കുമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഖാദി ഗ്രാമസൗഭാഗ്യയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൽപന്നങ്ങളുെട വൈവിധ്യവത്കരണത്തിലൂടെ വിൽപ്പന വർധിപ്പിക്കുക, പുതിയ ഗ്രാമീണസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനത്തിലൂടെ 10000 തൊഴിലവസരങ്ങളെങ്കിലും ഖാദി ബോർഡ് വഴി സൃഷ്ടിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.

ഖാദി മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചു വരികയാണ്. സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന നിർദേശം ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കാൻ സഹായിക്കും. ഇക്കാര്യത്തിൽ സർവ്വീസ് സംഘടനകളും മുന്നോട്ട് വരണം. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായ ഖാദി ഉപയോഗിക്കാൻ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിന് ഒരു പൊതുബോധം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിനും നടപടികൾ സ്വീകരിക്കും. ഇതിനായി നിഫ്റ്റുമായി ധാരണാപത്രം ഒപ്പിട്ടു.

ഖാദി ബോർഡിന്റെ അംഗീകാരത്തോടെ പുതിയ ഗ്രാമവ്യവസായ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും. ഒരു വില്ലേജിൽ ഒരു വ്യവസായമെങ്കിലും തുടങ്ങുന്നതിനുള്ള സഹായം ബോർഡ് വഴി ലഭ്യമാക്കുമെന്നും ഒരു വില്ലേജിൽ എത്ര സംരംഭം വേണമെങ്കിലും തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. വായ്പ നൽകുന്നതിന് ബാങ്കുകൾ സജ്ജരാണ്. എസ് ഇ ജി പി പദ്ധതി പ്രകാരം അടങ്കൽ തുകയുടെ 25 മുതൽ 40 ശതമാനം വരെ സബ്‌സിഡി ഖാദി ബോർഡ് നൽകും. പുതിയ സംരംഭങ്ങൾ വളർന്നുവരുന്നതിന് സഹായകമാകുംവിധം ബാങ്ക് വായ്പക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. എസ് ഇ ജി പി, പി എം ഇ ജി പി പദ്ധതികൾ സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നതിന് 14 ജില്ലകളിലും സംരംഭകത്വ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും-അദ്ദേഹം പറഞ്ഞു.

നൂൽ നൂൽപ്പിൽ സോളാർ എനർജി പ്രയോജനപ്പെടുത്തി തൊഴിലാളികളുടെ കായികാധ്വാനം കുറയ്ക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. ഏറ്റുകുടുക്ക പരുത്തി സംസ്‌കരണ കേന്ദ്രത്തിലെ പഴയ യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനവും നടന്നു വരികയാണെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പയ്യന്നൂർ ഖാദി സെന്റർ ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, ജില്ലാ ഖാദിഗ്രാമ പ്രൊജക്ട് ഓഫീസർ ഐ കെ അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു

 

date