Skip to main content

ഫറോക്ക് - കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു

 

 

 

 ജില്ലയിലെ എറ്റവും പ്രധാനപ്പെട്ട ഫറോക്ക് -കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.64 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.

അടിസ്ഥാന സൗകര്യ വികസനത്തിൽ ശുദ്ധജല ലഭ്യത ഏറ്റവും പ്രധാനമാണ്. നമ്മുടെ പ്രദേശത്ത് ഏത് തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കുമ്പോഴും ഏറ്റവും പ്രധാനമായത് ശുദ്ധജല ലഭ്യതയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

രാമനാട്ടുകരയിലെ മുഴുവൻ മേഖലയിലും ശുദ്ധജലമെത്തിക്കാനുള്ള പരിശ്രമം തുടരുകയാണ്. കാലാവസ്ഥാ മാറ്റങ്ങൾ നിർമാണ പുരോഗതിക്ക് തടസം ഉണ്ടാക്കുന്നുണ്ട്.  ജലസേചന മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടത് പ്രധാനമാണ്.
പൊതുമരാമത്ത്, ഇറിഗേഷൻ, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകൾ കൈകോർത്ത് നിലവിലെ വികസന തടസങ്ങൾ പരിഹരിക്കും.2024 ആകുമ്പോഴേക്കും എല്ലാവർക്കും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു .

ബേപ്പൂർ മണ്ഡലത്തിലെ ശുദ്ധജല ലഭ്യത പരിഹരിക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

റോഡുകളിൽ കുഴിയെടുക്കുന്നത് സംബന്ധിച്ചു വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിപ്പിക്കാൻ പോർട്ടൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പെട്ടെന്നു നടപ്പാക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കും. പൊതുമരാമത്ത് പുതിയ റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പുതിയ ഡെക്കുകൾ നിർമിക്കുന്നുണ്ട്. എന്നാൽ  ഭൂരിപക്ഷവും അങ്ങനെയല്ല. ഇതു നാടിൻ്റെ വലിയ പ്രശ്നമായി കണ്ടു പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫറോക്ക് നല്ലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായി. ചീഫ് എഞ്ചിനീയർ ലീനകുമാരി, സുപ്രണ്ടിംഗ് എഞ്ചിനീയർ പി ഗിരീശൻ, ഫറോക്ക് നഗരസഭ  ചെയർമാൻ എൻ.സി അബ്ദുൾ റസാഖ്, കേരള ജല അതോറിറ്റി ബോർഡ് മെമ്പർ ടി.വി ബാലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date