Skip to main content

ആദ്യാക്ഷരം കുറിക്കാന്‍ ഒരുങ്ങി പഠിതാക്കള്‍. പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി പ്രവേശനോത്സവം ഇന്ന് (20)

 

പഠ്‌നന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടന്ന സര്‍വ്വേയില്‍ കണ്ടെത്തിയ സാക്ഷരതാ പഠിതാക്കള്‍ ഇന്ന് (20) ആദ്യാക്ഷരം കുറിക്കും. രാവിലെ 10ന് ചക്കുപള്ളം ട്രൈബല്‍ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുതിര്‍ന്ന പഠിതാക്കളെ അക്ഷരം എഴുതിച്ച് പഠിതാക്കളുടെ
പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.  ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രന്‍ അധ്യക്ഷനാകും. തുടര്‍ന്ന് പഠിതാക്കള്‍ ചേര്‍ന്ന് അക്ഷരദീപം തെളിക്കും.
ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തെ 5 ജില്ലകളിലാണ് കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍ നടപ്പിലാക്കുന്നത്. ഇടുക്കി ജില്ലയിലെ 
15 വയസിനു മുകളില്‍ പ്രായമുള്ള 20000 നിരക്ഷരരെയാണ് പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാക്ഷരരാക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി
കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. സംസ്ഥാനത്ത് തിരുവനന്തപുരം, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ജില്ലകള്‍. ഇടുക്കി ജില്ലയില്‍ 2000 സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി പഠിതാക്കള്‍ക്ക് ക്ലാസുകള്‍ നല്കും. ജില്ലയിലെ 7000 പട്ടികവര്‍ഗ്ഗ വിഭാഗം പഠിതാക്കളെയും പട്ടികജാതി വിഭാഗത്തില്‍ നിന്ന് 5000 പേരെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും പൊതു വിഭാഗത്തില്‍ നിന്നുമായി 8000 പേരെയും പദ്ധതിയുടെ ഭാഗമായി സാക്ഷരരാക്കും. പഠിതാക്കളുടെ വിവരശേഖരണ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പഠിതാക്കളുടെ എണ്ണം 20000 കടക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ ഭാഗമായി ജില്ലയിലെമ്പാടും പഠിതാക്കള്‍ ഇന്ന് അക്ഷരം കുറിക്കാനെത്തും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ചക്കുപള്ളത്ത് നടക്കുന്ന ചടങ്ങില്‍ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഭാരവാഹികളും റിസോഴ്സ് പേഴ്‌സന്‍മാരും വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും.

date