Skip to main content

പൊതുവിദ്യാഭ്യാസ മേഖല മാറ്റത്തിന്റെ പാതയിൽ:  മന്ത്രി വി ശിവൻകുട്ടി

സ്മാർട്ട്‌ ഹൈടെക് ക്ലാസുകൾ നിരവധി പേരെ പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്ക് ആകർഷിപ്പിച്ചെന്ന് പൊതുവിദ്യാഭ്യാസ  മന്ത്രി വി 
ശിവൻകുട്ടി. വല്ലച്ചിറ ഗവ.യു പി സ്കൂളിലെ നവമന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂളുകളുടെ ഭൗതിക സാഹചര്യത്തിൽ വരുത്തിയ മാറ്റം അവിശ്വസനീയമാണ്. ഇവിടെ എത്തിചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. കിഫ്‌ബി, നബാർഡ്, പ്ലാൻ ഫണ്ട്‌, മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തി നിരവധി സ്കൂൾ കെട്ടിടങ്ങൾ, ഹയർ സെക്കന്ററി ലൈബ്രറികൾ, ഹൈടെക് ക്ലാസ് മുറികൾ, ലാബുകൾ എന്നിവ ഈ അധ്യയന വർഷത്തിൽ തന്നെ ഉദ്ഘാടനം ചെയ്യാനായി. പൊതു വിദ്യാഭ്യാസരംഗം ഏറെ ഗുണപരമായ മാറ്റങ്ങൾക്ക് വിധേയമാകുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇതെന്നും മന്ത്രി പറഞ്ഞു.  

എം എൽ എ കെ കെ രാമചന്ദ്രൻ അധ്യക്ഷതയും ശിലാഫലകം അനാച്ഛാദനവും നിർവഹിച്ചു. പി ഡബ്ല്യൂ ഡി ബിൽഡിംഗ്‌ എക്സിക്യൂട്ടീവ് എൻജിനീയർ ബിജി പി വി റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെട്ടിടം നിർമ്മിച്ച കോൺട്രാക്ടർ വിഷ്ണുലാലിനെ വേദിയിൽ ആദരിച്ചു.  മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ ശ്രമഫലമായി പൊതുവിദ്യാഭ്യാസ യജ്ഞം ഫണ്ടായ ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ജില്ലയിലെ സാംസ്കാരിക ഗ്രാമം എന്ന ഖ്യാതിയുള്ള വല്ലച്ചിറയിലെ ഏക സർക്കാർ വിദ്യാലയമായമാണിത്.145 വർഷത്തോളം പിന്നിടുന്ന വേളയിലാണ് പുതിയ കെട്ടിടം സ്കൂളിനായി സമർപ്പിക്കപ്പെട്ടത്.

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ സോഫി ഫ്രാൻസിസ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ മനോജ്, വൈസ് പ്രസിഡന്റ്‌ വനജ ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ വനജ കുമാരി, പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർപേഴ്സൺ സന്ധ്യ കുട്ടൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ പി എ മുഹമ്മദ് സിദ്ദീഖ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ,  പ്രധാന അധ്യാപകൻ ബാബു കോടശ്ശേരി, പി ടി എ പ്രസിഡന്റ്‌ സിജോ എടപ്പിള്ളി, മാതൃ സമിതി പ്രസിഡന്റ്‌ ശ്രീജി പ്രസാദ്  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date