Skip to main content

പഠ്ന ലിഖ്‌ന അഭിയാന്‍ പദ്ധതി: ആദ്യാക്ഷരം കുറിച്ച് സാക്ഷരതാ പഠിതാക്കള്‍.

 അക്ഷരദീപംം തെളിച്ചും ' അ' എഴുതിയും സാക്ഷരതാ പഠിതാക്കള്‍ ആദ്യാക്ഷരം കുറിച്ചു. പഠ്ന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടന്ന സര്‍വ്വേയില്‍ കണ്ടെത്തിയ സാക്ഷരതാ പഠിതാക്കളാണ് ഇന്ന് (20) ആദ്യാക്ഷരം കുറിച്ചത്. ചക്കുപള്ളം പളിയക്കുടി ട്രൈബല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് സാക്ഷരതാ പഠിതാവായ ഊരുമൂപ്പന്‍ ഗണേശനെ സ്ലേറ്റില്‍ 'അ' എഴുതിച്ച് ജില്ലയിലെ സാക്ഷരതാ ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം രാരിച്ചന്‍ നീറണാക്കുന്നേല്‍ സാക്ഷരതാ പഠിതാക്കള്‍ക്ക് അക്ഷരദീപം പകര്‍ന്നു നല്കി.

ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി കെ രാമചന്ദ്രന്‍ അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം പദ്ധതി വിശദീകരിച്ചു. ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തെ 5 ജില്ലകളിലാണ് കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന്‍ നടപ്പിലാക്കുന്നത്.ഇടുക്കി ജില്ലയിലെ 15 വയസിനു മുകളില്‍ പ്രായമുള്ള 20000 നിരക്ഷരരെയാണ്  പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാക്ഷരരാക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടത്തിപ്പ്. 2022 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി കേന്ദ്ര കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്.
സംസ്ഥാനത്ത് തിരുവനന്തപുരം, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ജില്ലകള്‍. ഇടുക്കി ജില്ലയില്‍ 2000 സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി പഠിതാക്കള്‍ക്ക് ക്ലാസുകള്‍ നല്കും. ജില്ലയിലെ 7000 പട്ടികവര്‍ഗ്ഗ വിഭാഗം പഠിതാക്കളെയും പട്ടികജാതി വിഭാഗത്തില്‍ നിന്ന് 5000 പേരെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും പൊതു വിഭാഗത്തില്‍ നിന്നുമായി 8000 പേരെയും പദ്ധതിയുടെ ഭാഗമായി സാക്ഷരരാക്കും.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെമ്പാടും പ്രവേശനോത്സവ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.വൈസ് പ്രസിഡന്റ് അന്നക്കുട്ടി വര്‍ഗീസ്, ചക്കുപള്ളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ടി മാത്യൂ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിന്ദു അനില്‍ കുമാര്‍ ,കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയി,പഞ്ചായത്തംഗങ്ങളായ ആന്റണി കുഴിക്കാട്ട്, അമ്മിണി ഗോപാലകൃഷ്ണന്‍ റീനാവിനോദ്, സി ജെ രാജപ്പന്‍,  ഊരുമൂപ്പന്‍ ഗണേശന്‍, റിസോഴ്സ് പേഴ്സന്‍ ബെന്നി ഇലവുംമൂട്ടില്‍,  എസ് ടി പ്രമോട്ടര്‍ സുജാത, വിനു ആന്റണി,
പ്രേരക്മാരായ പി ജെ സുനിത, റീജ ഷിബു എന്നിവര്‍ പങ്കെടുത്തു.

date