Skip to main content

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്- ചാലിയാറിന്റെ ഓളപരപ്പില്‍ ചുരുളന്‍ വള്ളമിറങ്ങി

 

 

 

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ആരവങ്ങളും പെരുമയുമായി ചാലിയാറിന്റെ ഓളപരപ്പില്‍ ചുരുളന്‍ വള്ളമിറങ്ങി. ഫെസ്റ്റിന്റെ ഭാഗമായി ജലകായിക മേളയില്‍ പങ്കെടുക്കുന്ന ചുരുളന്‍ വള്ളങ്ങളുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊളത്തറയിലെ ജെല്ലിഫിഷ് സ്ഥാപനത്തിന്റെ  ചാലിയാര്‍ തീരത്തു നടന്ന ചടങ്ങില്‍ ചുരുളന്‍ വള്ളം നിര്‍മ്മിച്ച മോഹന്‍ ദാസില്‍ നിന്നും മന്ത്രി പങ്കായം ഏറ്റുവാങ്ങി. മന്ത്രിയും ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയും അധികൃതരും ചേര്‍ന്ന് വള്ളം നീറ്റിലിറക്കി. 

മലബാറിലെ ജലോത്സവ സാധ്യത ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാമെന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റെന്ന് മന്ത്രി പറഞ്ഞു. തുടക്കത്തില്‍ ചാലിയാറിന്റെ തീരമായ ബേപ്പൂര്‍ മണ്ഡലത്തില്‍ വാട്ടര്‍ ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും ഫെസ്റ്റ് നടക്കുക. ഫുഡ് ഫെസ്റ്റിവലുകളും തനതായ പരിപാടികളും ഇതിന്റെ ഭാഗമാകും. കലക്ടറുടെ നേതൃത്വത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഊര്‍ജസ്വലമായി നടന്നുവരികയാണ്. ഫെസ്റ്റിലൂടെ ജില്ലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ മറ്റൊരു ജലമേളയായി മാറാനിരിക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഈ മാസം 26 മുതല്‍ 29 വരെ ബേപ്പൂര്‍ മറീനയില്‍ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി ജല കായിക ഇനങ്ങള്‍ കൂടാതെ മലബാര്‍ രുചി വൈവിധ്യങ്ങളോടു കൂടിയ ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍, കലാ പ്രകടനങ്ങള്‍ തുടങ്ങിയവക്കും ബേപ്പൂര്‍ മറീന വേദിയാകും. 

ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ പ്രമോദ്, ഇന്‍ഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയര്‍മാന്‍ എം. ഗിരീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.

date