Skip to main content

'ഫ്യൂച്ചര്‍' സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി

 

 

 

ബേപ്പൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ഫ്യൂച്ചറിന്റെ' ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സാമ്പത്തിക, സാമൂഹിക വിവേചനം നേരിടാതെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണം ശക്തിപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഡിജിറ്റല്‍ ഡിവൈഡില്ലാതെ കോവിഡ് കാലത്ത് എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ സംസ്ഥാനത്തിനായി. മണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റങ്ങള്‍ വരുത്തുന്ന പദ്ധതി ജനകീയ പങ്കാളിത്തതോടെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി നാലുവര്‍ഷം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് നടപ്പാക്കുക. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെയും ചേര്‍ത്തുപിടിച്ച് പദ്ധതി നടപ്പാക്കും. നാടിന്റെ ഭാവി കെട്ടിപ്പടുക്കുന്ന ഫാക്ടറികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ രൂപരേഖ ചടങ്ങില്‍ പ്രകാശനം ചെയ്തു.

മന്ത്രിയുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ ഡവലപ്മെന്റ് മിഷനാണ് 'ഫ്യൂച്ചര്‍' പദ്ധതി നടപ്പാക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടൊപ്പം ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുക. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍, ശാരിരികവും ബുദ്ധിപരവുമായ പരിമിതിയുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പഠനത്തില്‍ മിടുക്കരായവര്‍ക്ക് ഉന്നത പഠനത്തിനും മത്സര പരീക്ഷകളെ നേരിടുന്നതിനും പ്രത്യേക പരിശീലനം ഉറപ്പു വരുത്തുക, വിദ്യാഭ്യാസത്തിലെ നവ സാങ്കേതിക വിദ്യാ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക, കോവിഡാനന്തര കാലത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക, പഠന നഷ്ടം നികത്തുന്നതിനുള്ള സവിശേഷ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളോട് നീതി പുലര്‍ത്തും വിധം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഫറോക്ക് ഗവ. ഗണപത് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഫറോക്ക് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാക്ക് അധ്യക്ഷനായി. എസ്.എസ്.കെ ഡി.പി.സി ഡോ. എ.കെ അബ്ദുല്‍ ഹക്കീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബേപ്പൂര്‍ ഡവലപ്പ്മെന്റ് മിഷന്‍ ചെയര്‍മാന്‍ എം. ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനൂഷ, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബുഷ്റ റഫീഖ്, വികസന പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി രാജന്‍, ടൗണ്‍ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സമീഷ്, പ്രധാനാധ്യാപിക പുഷ്പരാജി, പ്രിന്‍സിപ്പാള്‍ താരാഭായ് ജനപ്രതിനിധികള്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date