Skip to main content

ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍- പരിശോധന ശക്തിപ്പെടുത്തി എക്സൈസ്

 

 

 

ക്രിസ്തുമസ്, നവവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ എക്സൈസ് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി.ലഹരിക്കടത്തും ലഹരി ഉപയോഗവും തടയുന്നതിന് ഡിസംബര്‍ നാല് മുതല്‍ 2022 ജനുവരി മൂന്ന് വരെയുളള ദിവസങ്ങള്‍ സ്പെഷ്യല്‍ ഡ്രൈവായി പ്രഖ്യാപിച്ചു.  പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ - 0495-2372927. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ അന്വേഷണങ്ങള്‍ നടത്തുന്നതിലേക്കായി എക്സൈസ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് പാര്‍ട്ടിയെ ജില്ലയില്‍ നിയോഗിച്ചു.

ലഹരിയുമായി ബന്ധപ്പെട്ടുളള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുളള സാഹചര്യം മുന്‍നിര്‍ത്തി പോലീസ്, ഫോറസ്റ്റ്, ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ്, റവന്യൂ എന്നീ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത റെയ്ഡുകള്‍ നടത്തുന്നതിന്റെ ഭാഗമായി പോലീസുമായി ചേര്‍ന്ന് 10 റെയ്ഡുകള്‍ നടത്തി. വനപ്രദേശങ്ങളിലെ വാറ്റുതടയുന്നതിനായി ഫോറസ്റ്റ് അധികൃതരുമായി സഹകരിച്ച് മൂന്ന് റെയ്ഡുകളും, കടല്‍മാര്‍ഗമുള്ള ലഹരിക്കടത്ത് തടയുന്നതിനായി ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റുമായി ചേര്‍ന്ന് നാല് റെയ്ഡും, കോസ്റ്റല്‍ പോലീസുമായി ചേര്‍ന്ന് മൂന്ന് റെയ്ഡും, പോലീസ് സ്നിഫര്‍ ഡോഗിന്റെ സഹയത്തോടെ നാല് പരിശോധനകളും ഇതുവരെ നടത്തി.

ചെക്ക്പോസ്റ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്കായി അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. ലഹരിക്കടത്തു കുറ്റകൃത്യങ്ങളില്‍ സമീപകാലത്തുണ്ടായ വര്‍ധിച്ച സ്ത്രീ പങ്കാളിത്തം കണക്കിലെടുത്ത് ചെക്ക്പോസ്റ്റുകളില്‍ വനിതാ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു. 
 
അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധന ശക്തമാക്കി

സംസ്ഥാനവുമായും ജില്ലയുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ നടപടികളാരംഭിച്ചു. മാഹി അതിര്‍ത്തി പ്രദേശങ്ങളില്‍ വടകര റെയ്ഞ്ച്, വടകര സര്‍ക്കിള്‍ പാര്‍ട്ടി, സ്ട്രൈക്കിംഗ് ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കി. അടിവാരം ഭാഗത്ത് താമരശ്ശേരി സര്‍ക്കിള്‍, താമരശ്ശേരി റെയിഞ്ച് പാര്‍ട്ടികളാണ് പരിശോധന നടത്തുന്നത്. ലൈസന്‍സ്ഡ് സ്ഥാപനങ്ങളില്‍ ഉണ്ടാവാനിടയുളള നിയമലംഘനങ്ങള്‍ തടയുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്താനും സാമ്പിളുകള്‍ ശേഖരിക്കാനും നടപടികള്‍ ആരംഭിച്ചു.  

204 കള്ളുഷാപ്പുകളും, 28 ബാറുകളും, 5 ബിയര്‍ ആന്‍ജ് വൈന്‍ പാര്‍ലറുകളും, 12 റീട്ടേയ്ല്‍ മദ്യഷാപ്പുകളും ഇതുവരെ പരിശോധിച്ചു. 63 കള്ളു സാമ്പിളുകളും, 11 വിദേശ മദ്യസാമ്പിളുകളും രാസപരിശോധനക്കായി ശേഖരിച്ചു.

സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 98 അബ്കാരി കേസുകളും, 13 എന്‍ഡിപിഎസ് കേസുകളും, 165 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 7475 ലിറ്റര്‍ വാഷ്, 50 ലിറ്റര്‍ ചാരായം, 304.38 ലിറ്റര്‍ വിദേശമദ്യം, 104.83 ലിറ്റര്‍ അന്യസംസ്ഥാന വിദേശമദ്യം, 3250 ഗ്രാം കഞ്ചാവ്, 7.4 ഗ്രാം എം.ഡി.എം.എ, 8 ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാം ചരസ്സ് എന്നിവയും, 124.05 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും, കേസുകളുടെ ഭാഗമായി പിടിച്ചെടുത്തു. 74 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. 7 വാഹനങ്ങളും പിടിച്ചെടുത്തു.

date