Skip to main content

കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു

കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.  മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും.   എഡിഎമ്മിന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് (ഡിസം. 22) കാനനപാതയിലൂടെ സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇന്ന് (ഡിസം.22)  11ന് പമ്പയില്‍ നടക്കുന്ന അവലോകനയോഗത്തിന് ശേഷമായിരിക്കും പരിശോധന. 

  18 കിലോമീറ്റര്‍ പൂര്‍ണമായും പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് വര്‍ഷമായി ജനസഞ്ചാരമില്ലാത്തതിനാല്‍ പാത സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്.  ചിലയിടത്ത് മരങ്ങള്‍ വീണ് മാര്‍ഗ തടസ്സമുണ്ട്. ഇവ നീക്കംചെയ്യുകയും അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റുകയും അടിക്കാട് നീക്കുകയും ചെയ്യും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ കൂടി സഹകരണത്തോടെയാകും കാനനപാത തെളിക്കുക.     പാതയില്‍ തീര്‍ത്ഥാടകര്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാകും. ഇതിനോടനുബന്ധിച്ച് കടകള്‍, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും.  കാര്‍ഡിയാക് സെന്ററുകളും അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളും ഒരുക്കും. അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളുണ്ടാകും.  വന്യമൃഗങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് രണ്ട് കിലോമീറ്റര്‍ ഇടവിട്ട് നിരീക്ഷണ സംവിധാനമൊരുക്കും.  

 പാത  തുറക്കുമ്പോഴും തീര്‍ഥാടകര്‍ സമയക്രമീകരണം പാലിക്കണം. രാത്രി വൈകി വനഭൂമിയിലൂടെ യാത്ര ചെയ്യും വിധത്തില്‍ തീര്‍ഥാടകരെ കടത്തിവിടില്ല. വൈകിയെത്തുന്നവര്‍ക്ക്  ഇടത്താവളങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കും. 

date