Skip to main content

പിഞ്ചു കൈകളില്‍ പച്ചക്കറി'- അങ്കണവാടി പോഷകത്തോട്ടം പദ്ധതിക്ക് തുടക്കം

 

മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു
 

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'പിഞ്ചു കൈകളില്‍ പച്ചക്കറി'- അങ്കണവാടി പോഷകത്തോട്ടം പദ്ധതിയുടെ 

ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി.  
 

കുരുന്നു മനസുകളില്‍ പ്രകൃതിയുമായുള്ള ജൈവ ബന്ധം സൃഷ്ടിക്കുന്നതിന് ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. നഷ്ടമായിക്കൊണ്ടിരിക്കുന്നനമ്മുടെനാടിന്റെ ഹരിത സമൃദ്ധി വീണ്ടെടുക്കുന്നതിനായുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഭക്ഷോദ്പാദന രംഗത്തെ സ്വയംപര്യാപ്ത ലക്ഷ്യമാക്കിയാണ് സുഭിക്ഷ കേരളം ഉള്‍പ്പടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത്. സ്ത്രീ ശാക്തീകരണ രംഗത്ത് ഉദാത്ത മാതൃകയായ അങ്കണവാടി ജീവനക്കാരുടെ സഹകരണത്തോടെ ഈ പദ്ധതിയും വിജയകരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള 100 അങ്കണവാടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പച്ചക്കറിതൈകള്‍ വിതരണം ചെയ്യുന്നത്. ഇതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മൂന്ന് അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
 

ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ ബീന. എസ്.റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ധീന്‍,പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി കുഞ്ഞുട്ടി, സി.ഒ ശ്രീനിവാസന്‍, പി. പുഷ്പ, കെ. സുഹറാബി, വി.ശാലിനി, എന്‍. നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ താപ്പി നസീബ അസീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഇ.സഫ്‌സല്‍, ഫൈസല്‍ എടശ്ശേരി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.കുമാരന്‍, വി.തങ്കമണി, ടി. ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.പി മുഹമ്മദ് കോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.സി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date