Skip to main content

ഗ്രാമീണ സ്വയം തൊഴിൽ: ഈ വർഷം സൗജന്യ പരിശീലനം ലഭിച്ചത് 364 പേർക്ക് 

ജില്ലാ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രമായ ആർസെറ്റിയിൽ നിന്ന് ഈ വർഷം സൗജന്യ പരിശീലനം ലഭിച്ചത് 364 പേർക്ക്. 2020-21 വാർഷിക പദ്ധതിയിൽ 19 ബാച്ചുകളിലായാണ് 364 പേർക്ക് പരിശീലനം ലഭിച്ചത്. ഇതിൽ 263 സ്ത്രീകൾക്കും 101 പുരുഷന്മാർക്കും പരിശീലനം നൽകി. 200 പേരാണ് സ്വയം തൊഴിലിലൂടെ സംരംഭം ആരംഭിച്ചത്. പേപ്പർ ബാഗ് നിർമ്മാണം, മൊബൈൽ റിപ്പയറിങ്, ഫോട്ടോ വീഡിയോഗ്രഫി കോഴ്സ്, പച്ചക്കറി നഴ്സറി, റബ്ബർ ടാപ്പിങ്, സി സി ടി വി ക്യാമറ റിപ്പയറിങ്, പപ്പടം, അച്ചാർ, മസാലപ്പൊടി നിർമ്മാണം തുടങ്ങിയവയ്ക്കാണ് പരിശീലനം. സൗജന്യ താമസവും ഭക്ഷണവും ഇവിടെ നിന്ന് ലഭിക്കും. പത്ത് ദിവസം മുതൽ 30 ദിവസം വരെയാണ് പരിശീലനം ലഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശീലകർക്ക് ലഭിക്കും. 

സൗജന്യമായി സ്വയം തൊഴിൽ പരിശീലനം നൽകുന്ന ലീഡ് ഡിസ്ട്രിക്റ്റ് ബാങ്കുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം. കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്, നബാർഡ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ്  ജില്ലയിലെ സ്വയം തൊഴിൽ പരിശീലന കേന്ദ്രം വില്ലടത്ത് പ്രവർത്തിക്കുന്നത്. 45 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പരിശീലനത്തിനായി അപേക്ഷിക്കാം.

date