Skip to main content

കുന്നംകുളം നഗരസഭ ശുചിത്വ പ്രഖ്യാപനം 30 ന്

നല്ല വീട് നല്ല നഗരം ക്യാമ്പയിനിലൂടെ കുന്നംകുളം നഗരസഭ സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പദവി കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ  നി‍ർവ്വഹിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായി മാലിന്യ സംസ്കരണ രംഗത്തെ കുന്നംകുളം അനുഭവങ്ങളെ കുറിച്ച്  29ന് സംസ്ഥാനതല സെമിനാർ നടത്തും. പൊതുവായി നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ചില നഗരസഭകൾ സമ്പൂർണ്ണ ശുചിത്വ പദവി കൈവരിച്ചതായി മുൻപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓരോ വാർഡും ശുചിത്വ പദവി പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് നഗരസഭയുടെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്ന കേരളത്തിലെ ആദ്യ നഗരസഭയാണ് കുന്നംകുളം. നവംബർ 1ന് നഗരസഭ ഈ നേട്ടം കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് തദ്ദേശ മന്ത്രി നിർവ്വഹിക്കുന്നത്. 

നല്ല വീട് നല്ല നഗരം പദ്ധതിയിലൂടെ നഗരത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണത്തിന് ബയോബിന്നുകളും അജൈവമാലിന്യ സംസ്കരണത്തിന് ഹരിത കർമ്മ സേനാംഗത്വവും ഉറപ്പ് വരുത്തിയാണ് നഗരസഭ ഈ പദവി നേടിയത്. 2021 ഫെബ്രുവരിയിൽ നടത്തിയ ശുചിത്വ സർവ്വയെ തുടർന്ന് ആഗസ്റ്റ് മുതൽ നവംബർ 1 വരെ നീണ്ട വിപുലമായ ജനകീയ ക്യാമ്പയിനിലൂടെയാണ് കുന്നംകുളം നഗരസഭ ഈ നേട്ടം കൈവരിച്ചത്. ഖരമാലിന്യ പരിപാലന രംഗത്താണ് നഗരസഭ സമ്പൂർണ്ണ ശുചിത്വ പദവി കൈവരിച്ചത്. 

ശുചിത്വ പ്രഖ്യാപന ചടങ്ങിൽ എം എൽ എ എ സി  മൊയ്തീൻ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം പി മുഖ്യാതിഥിയാകും. നഗരകാര്യ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം എം വർഗ്ഗീസ്, ജോസ് വള്ളൂർ, അഡ്വ.കെ കെ അനീഷ്കുമാർ, സോമൻ ചെറുകുന്ന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് മുതലായവ‍ർ പങ്കെടുക്കും.  

ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കാൻ നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം പകർത്തുവാൻ മറ്റ് നഗരസഭകളെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാലിന്യ സംസ്കരണം - ശുചിത്വത്തിനപ്പുറത്തേക്ക് കുന്നംകുളത്തിന്റെ അനുഭവപാഠങ്ങൾ എന്ന വിഷയത്തിലാണ് ഡിസം 29 ന്റെ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിൽ കേരളത്തിലെ നഗരസഭാ ചെയർമാൻമാരും സെക്രട്ടറിമാരും മാലിന്യ സംസ്കരണ രംഗത്തെ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും പ്രവർത്തകരും പങ്കെടുക്കും. എം എൽ എ  എ സി  മൊയ്തീൻ സെമിനാർ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. 

പ്രീ കോൺഫറൻസ് സെഷനിൽ കാലാവസ്ഥാമാറ്റവും മാലിന്യ സംസ്കരണവും  എന്ന വിഷയത്തിൽ കുസാറ്റ് അന്തരീക്ഷ പഠനവിഭാഗം പ്രൊഫസർ ഡോ.എസ്  അഭിലാഷ് പ്രഭാഷണം നടത്തും. തുടർന്ന് കമ്പോസ്റ്റിങ്  മാലിന്യത്തിൽ നിന്നും വളത്തിലേക്ക് എന്ന വിഷയം മണ്ണുത്തി കാർഷിക സർവകലാശാല റിട്ടയേഡ് പ്രൊഫസർ ഡോ. പി കെ  സുഷമ അവതരിപ്പിക്കും. ഡോ. ജോഷി ചെറിയാൻ മോഡറേറ്ററാകും. അജൈവ മാലിന്യ സംസ്കരണവും റീസൈക്ലിംഗ് വ്യവസായവും എന്ന സെഷനിൽ ഡോ.അജയകുമാർ വർമ്മ വിഷയം അവതരിപ്പിക്കും. എൻ ജഗജീവൻ മോഡറേറ്ററാകും. 

ഉച്ചയ്ക്ക് ശേഷം മാലിന്യ സംസ്കരണം ആസൂത്രണം, നിർവഹണം, മേൽനോട്ടം : നഗരസഭകളുടെ ചുമതലകൾ - കുന്നംകുളത്തിന്റെ പാഠങ്ങൾ എന്ന വിഷയത്തിൽ നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രനും സെക്രട്ടറി ടി കെ സുജിതും വിഷയം അവതരിപ്പിക്കും. ഗുരുവായൂ‍‍ർ നഗരസഭാ ചെയർമാനും ചെയർമാൻസ് ചേംബർ ചെയർമാനുമായ എം കൃഷ്ണദാസ് മോഡറേറ്ററാകും. വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധർ അവതരണങ്ങളോട് പ്രതികരിച്ച് സംസാരിക്കും. വാർഡ് തല ശുചിത്വ പ്രഖ്യാപനങ്ങളുടെ അനുഭവങ്ങൾ കൗൺസിലർമാർ വിശദീകരിക്കും. 

മാലിന്യത്തിൽ നിന്നും ജൈവവളം ഉത്പാദിപ്പിക്കുന്ന നഗരസഭയുടെ ഗ്രീൻപാർക്ക് സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കാനും പ്രതിനിധികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://rb.gy/qunai2 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. സഹായത്തിന് 9544961406, 7907138802 എന്നീ നമ്പറുകളിൽ വിളിക്കാം.

date