Skip to main content

താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകളുടെ അദാലത്ത്, ജില്ലയില്‍ മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കി

താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകളുടെ ഫയലുകള്‍ സംബന്ധിച്ച അദാലത്തില്‍ പരിഗണിച്ച 27 ഫയലുകളും തീര്‍പ്പാക്കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അനന്തരാവകാശവുമായി ബന്ധപ്പെട്ട് നാല് കടകള്‍ പുനസ്ഥാപിക്കാന്‍ അദാലത്തില്‍ തീരുമാനമായി. രണ്ട് കടകള്‍ക്ക് പിഴയീടാക്കാനും ഒരു കടക്ക് വേഗത്തില്‍ ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ ആറ് കടകള്‍ റദ്ദ് ചെയ്യാനും നിര്‍ദേശിച്ചു. ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി ഏഴ് കടകള്‍ റദ്ദാക്കാനും അഞ്ച് കടകളില്‍ നിന്നും പിഴയീടാക്കാനും നിര്‍ദേശിച്ചു. ഒരു റേഷന്‍കട റവന്യൂ റിക്കവറിയിലാണ്. ലൈസന്‍സിയുള്ളയാള്‍ ഗുരുതര രോഗം ബാധിച്ച് കഴിയുന്നതിനാല്‍ സാഹചര്യം പരിഗണിച്ച് പിഴയൊഴിവാക്കി നല്‍കാനും അദാലത്തില്‍ നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു.

റേഷന്‍ കടകള്‍ സംബന്ധിച്ച അദാലത്തുകള്‍ ജനുവരി 14നകം പൂര്‍ത്തിയാക്കും. ഗുണനിലവാരത്തിനൊപ്പം കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കും. നിലവില്‍ മലബാര്‍ ജില്ലകളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം ചെമ്പാവരിയും നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഓരോ താലൂക്കുകളില്‍ നിന്നും കാര്‍ഡുടമകളുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് പൊതുവിതരണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. റേഷന്‍ കടകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സപ്ലൈക്കോ ഉല്‍പ്പന്നങ്ങള്‍ അടക്കം റേഷന്‍ കടകളില്‍ നിന്നും ലഭ്യമാകുന്ന സ്ഥിതിയുണ്ടാകണം. ലൈസന്‍സികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാന്‍ മുന്‍കൈയെടുക്കുന്നുണ്ട്. കോവിഡ് മൂലം മരണപ്പെട്ട ലൈസന്‍സികളുടെ അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് ഡയരക്ടര്‍ ഡോ.ഡി.സജിത്ബാബുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

date