Skip to main content

സഖി വണ്‍ സ്റ്റോപ്പ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച സഖി വണ്‍ സ്റ്റോപ്പ് സെന്‍റര്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്തീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനും ഇരകളാകുന്നവര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.  

ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ജില്ലാ പഞ്ചായത്തിന്‍റെ ജെന്‍ഡര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികളില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്‍ററുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊതു- സ്വകാര്യ ഇടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ ചെറുക്കുക, അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കുവേണ്ടി അടിയന്തിര ഇടപെടലുകള്‍ നടത്തുക, സേവനങ്ങള്‍ ഏകീകൃതമായി നല്‍കുക, പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സഹായിക്കുക, സുരക്ഷാ സഹായം, കൗണ്‍സലിംഗ്, വൈദ്യസഹായം, ചികിത്സ, പോലീസ് സംരക്ഷണം, നിയമ സഹായം, അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പു വരുത്തുക തുടങ്ങിയവയാണ് വണ്‍ സ്റ്റോപ്പ് സെന്‍ററിന്‍റെ ലക്ഷ്യം.

കേന്ദ്ര സര്‍ക്കാരിന്‍റെ ധനസഹായത്തോടെ വനിതാ ശിശു വികസന വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.

ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, സബ് ജഡ്ജ് എം.ടി. ജലജറാണി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.എസ്. താഹ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കവിത ടീച്ചര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.വി. മിനിമോള്‍, പ്രോഗ്രാം ഓഫീസര്‍ മായ ലക്ഷ്മി, വനിതാ സംരക്ഷണ ഓഫീസര്‍ ആര്‍. സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

date