Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 29-12-2021

വനിതാ കമ്മീഷൻ അദാലത്ത് 3ന്

കേരള വനിതാ കമ്മീഷൻ അദാലത്ത് ജനുവരി മൂന്നിന് രാവിലെ 10 മണി മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.

സംരംഭകത്വ പരിശീലനം

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കണ്ണൂർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ഏകദിന സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. പയ്യന്നൂരിൽ നടത്തുന്ന പരിപാടിയിൽ ജില്ലയിലെ ഒബിസി വിഭാഗത്തിൽപെട്ട സ്വയം തൊഴിൽ പദ്ധതി ആരംഭിക്കാൻ  താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.  രജിസ്‌ട്രേഷനും വിശദവിവരങ്ങളും കണ്ണൂർ പാറക്കണ്ടിയിലുള്ള  ഓഫീസിൽ  ലഭിക്കും. അവസാന തീയതി ഡിസംബര 30.  ഫോൺ: 0497 2706196.

സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം

അശരണരായ വനിതകൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നേരിട്ട്  നടത്തുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ, ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്‌നി പ്രോബ്ലം, കാൻസർ, മാനസികരോഗം, ഹിമോഫീലിയ തുടങ്ങിയവ) ഭർത്താക്കൻമാരുള്ള വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം.  പ്രായപരിധി 18നും 55 നും ഇടയിൽ.  കുടുംബ വാരഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. വായ്പ പരമാവധി അമ്പതിനായിരം രൂപ വരെ (50 ശതമാനം സബ്‌സിഡി) പലിശരഹിത വായ്പ അനുവദിക്കും.  ഫോൺ: 0460 2209400.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്'; പരിശീലനം സമാപിച്ചു

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ  എന്നിവർക്കായി ശുചിത്വമിഷൻ സംഘടിപ്പിച്ച 'ഈസ്  ഓഫ് ഡൂയിങ്ങ്  ബിസിനസ്'പരിശീലനം സമാപിച്ചു. കണ്ണൂർ, പാനൂർ, തളിപ്പറമ്പ് എന്നീ കേന്ദ്രങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എങ്ങനെ കെട്ടിട നിർമ്മാണ സമയത്തുതന്നെ നടപ്പാക്കാം എന്ന വിഷയത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനം നൽകിയത്. പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഖരദ്രവമാലിന്യ പരിപാലന സംവിധാനം, സാങ്കേതിക പ്രശ്‌നങ്ങൾ, നൂതന പദ്ധതികൾ എന്നീ വിഷയങ്ങളിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി എം രാജീവ്,  ഡോ. കെ എം പീതാംബരൻ, കെ നാരായണൻ, ലത കാണി,  ശ്രീജി പി ശ്രീകുമാർ, ഷിബു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

വൈദ്യുതി  മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സൂര്യമുക്ക്, ബി കെ എം ബൈപാസ് റോഡ്, തായിനേരി മുത്തപ്പൻ മഠപ്പുര റോഡ്, റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ, റെയിൽവേ സ്റ്റേഷൻ പരിസരം, കവ്വായി, എസ് എസ് ടെമ്പിൾ, മഹാദേവ ഗ്രാമം, സുരഭി നഗർ, മമ്പലം, കാനം, തെരു, പടോളി എന്നീ ഭാഗങ്ങളിൽ ഡിസംബർ 30  വ്യാഴം രാവിലെ  ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കെല്ലറത്തിക്കൽ എ കെ ജി റോഡ്, പുഴാതി പി എച്ച് സി പരിസരം, സോമേശ്വരി അമ്പലം, ആശാരി കമ്പനി, വിവേകാനന്ദ റോഡ്, കപ്പാലം എന്നീ ഭാഗങ്ങളിൽ  ഡിസംബർ 30  വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പെരുമാച്ചേരി, സി ആർ സി പെരുമാച്ചേരി, പാടിയിൽ, കാവുംചാൽ, കോടിപൊയിൽ, മുബാറക്ക് റോഡ്, സദ്ദാംമുക്ക്, എ പി സ്റ്റോർ പള്ളിപ്പറമ്പ, പള്ളിപ്പറമ്പ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽഡിസംബർ 30  വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് പാതിരിയാട് അംശം  പറമ്പായി ദേശത്ത് റി സ 47ൽപെട്ട 0.0324 ഹെക്ടർ വസ്തുവും അതിലുള്ള  സകലതും ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് പാതിരിയാട് വില്ലെജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസിൽ ലഭിക്കും.  ഫോൺ: 0490 2322090.

ദർഘാസ്

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സി സി എഫിലേക്ക് ബൈബാക്ക് വ്യവസ്ഥയിൽ ബാറ്ററികൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 31ന് ഉച്ചക്ക് 12.30 വരെ ദർഘാസ് സ്വീകരിക്കും.  
കോളേജിൽ ഇലക്ട്രിക്കൽ മെയ്ന്റനൻസ് വർക്കിന് ആവശ്യമായ മെറ്റീരിയൽസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ജനുവരി നാലിന വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ:  0497 2780226.

പ്ലാസ്റ്റിക്ക് ഫ്രീകണ്ണൂർ  ക്യാമ്പയിന് പിന്തുണ ഏറുന്നു

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന് വൻ പിന്തുണ. നിത്യ ജീവിതത്തിൽ നിന്ന് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്‌പോസിബിൾ വസ്തുക്കളും ഉപേക്ഷിക്കാനുള്ള ബോധവൽകരണ പരിപാടിയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ. തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ പിന്തുണയോടെയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിൻ മുന്നേറുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായുള്ള ബദൽ ഉൽപന്ന പ്രദർശനം കണ്ണൂർ പൊലീസ് മൈതാനിയിൽ ഡിസംബർ 31 വരെ നടക്കും.
ചെറുതാഴം  ഗ്രാമ പഞ്ചായത്തിൽ ജനുവരി ഒന്നിന് വൈകിട്ട്  പ്ലാസ്റ്റിക്ക് ഫ്രീ പഞ്ചായത്ത്-ശുചിത്വ റാലി സംഘടിപ്പിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കൂടാളി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് ഫ്രീ ജില്ലാ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി അഞ്ചിന് പ്ലാസ്റ്റിക് ബദൽ വിളംബര ഘോഷ യാത്രയും തുടർന്ന് ശുചിത്വ ഗീതത്തിന്റെ അകമ്പടിയോടെ മെഗാ തിരുവാതിരയും സംഘടിപ്പിക്കും.
മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞയും, കുട്ടികളും, പഞ്ചായത്തും ചേർന്ന് വീഡിയോ പ്രചാരണവും നടത്തും.  ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത മംഗല്യം പദ്ധതി നടപ്പിൽ വരുത്താനും കൂടാളി പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഒറ്റത്തവണ പ്ലാസ്റ്റിക്കിനെതിരായ നടപടി ശക്തമാക്കാൻ ആന്റി വിജിലൻസ് ടീം രൂപീകരിക്കാനും തീരുമാനിച്ചു.
കോട്ടയം ഗ്രാമപഞ്ചായത്തിൽ ജനുവരി ഒന്നിന് എല്ലാ വീടുകളിലും ശുചിത്വ ദീപം തെളിയിക്കും. വൈകീട്ട് ആറ് മണിക്കാണ് പരിപാടി. ഡിസംബർ 31 ന് ശുചിത്വ സന്ദേശ യാത്രയും സംഘടിപ്പിക്കും. പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂരിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുതലങ്ങളിൽ  ബദൽ ഉൽപന്ന മേളകൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.  ആദ്യ മേള പെരളശ്ശേരിയിൽ രണ്ട് കേന്ദ്രങ്ങളിലായി ഡിസംബർ 24 ന് നടന്നു.
ചെറുകുന്ന് ഗ്രാമപഞ്ചായത്തിൽ ഡിസംബർ 30 നാണ് ബദൽ ഉൽപന്ന വിപണന മേള. കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ ജനുവരി നാല്, അഞ്ച് തീയ്യതികളിൽ മേള നടക്കും. ചെറുതാഴം ഗ്രാമ പഞ്ചായത്ത്  ജനുവരി ഒന്ന്, രണ്ട് തീയ്യതികളിൽ പിലാത്തറ ബസ് സ്റ്റാൻഡിൽ ബദൽ ഉൽപന്ന മേള സംഘടിപ്പിക്കും.
കണിച്ചാർ, ഇരിക്കൂർ, കീഴല്ലൂർ പഞ്ചായത്തുകളിൽ ആൻറി പ്ലാസ്റ്റിക്ക് വിജിലൻസ് ടീം രൂപീകരിച്ചിട്ടുണ്ട്.  ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ നൽകാൻ പേരാവൂർ പഞ്ചായത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട്് പി പി വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ    ജനുവരി ഒന്ന് മുതൽ ആന്റി പ്ലാസ്റ്റിക ് സ്‌ക്വാഡിന്റെ പരിശോധന കർശനമാക്കും. ഡിസംബർ 30 ന് പിപ്പിനിശേരി - കണ്ണപുരം അതിർത്തി മുതൽ കണ്ണപുരം ടൗൺ വരെ ശുചിത്വ റാലി സംഘടിപ്പിക്കും. ജനുവരി നാല്, അഞ്ച് തീയ്യതികളിൽ ബദൽ ഉൽപ്പന്ന പ്രദർശനമേളയും സംഘടിപ്പിക്കും.
മയ്യിൽ ഗ്രാമപഞ്ചായത്തിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജനവരി ഒന്നു മുതൽ ആരംഭിക്കും. മയ്യിൽ ബസ്സ്റ്റാന്റിൽ ബദൽ ഉൽപന്ന പ്രദർശന മേള ജനവരി ഒന്നിന് ആരംഭിക്കും. ജനുവരി എട്ടിന് പ്ലാസ്റ്റിക്ക് മുക്ത പ്രചരണ മാർച്ച് സംഘടിപ്പിക്കും.

വാഹന വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ  നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി (ഓട്ടോറിക്ഷ മുതൽ ടാക്‌സി കാർ/ഗുഡ്‌സ് കാരിയർ ഉൾപ്പെടെ കമേഴ്‌സൽ വാഹനങ്ങൾക്ക് കീഴിൽ വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പ.
അപേക്ഷകർ  18നും 55നുംഇടയിൽ പ്രായമുള്ളവരായിരിക്കണം.  കുടുംബ വാർഷിക വരുമാനം 3.50 ലക്ഷം രൂപയിൽ  കവിയരുത്. അപേക്ഷിക്കുന്നവർക്ക്  വാഹനം  ഓടിക്കുവാനുള്ള ലൈസൻസുണ്ടായിരിക്കം.   വായ്പ തുക ഏഴ് ശതമാനം പലിശ നിരക്കിൽ 60 തുല്ല്യ മാസ ഗഡുക്കളായി ,പിഴപ്പലിശയുണ്ടെങ്കിൽ അതും സഹിതം തിരിച്ചടക്കേണ്ടതാണ്.
കൂടാതെ വ്യവസായ വകുപ്പിന്  കീഴിലുള്ള സംസ്ഥാന സർക്കാർ  പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ നൽകുന്നു.  മൂന്ന് ലക്ഷം രൂപ വരെ നൽകുന്ന വായ്പക്ക് ആറ് ശതമാനമാണ് പലിശ നിരക്ക്.  30,000 രൂപ സബ്‌സിഡിയും ലഭിക്കും.
തുകയ്ക്ക് കോർപ്പറേഷന്റെ  നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷന്റെ ജില്ലാ  ഓഫീസിൽ ലഭിക്കും.  ഫോൺ: 0497 2705036, 9446958777.

കുടിവെള്ള വിതരണം മുടങ്ങും

കേരള ജല അതോറിറ്റി കണ്ണൂരിന്റെ മട്ടന്നൂർ വെളിയമ്പ്രയിലെ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോർപറേഷൻ പ്രദേശങ്ങളിലും വളപട്ടണം, ചിറക്കൽ, അഴീക്കോട് എന്നീ പഞ്ചായത്തുകളിലും ജനുവരി രണ്ട് വരെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിൽ ഭാഗികമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.  ഫോൺ: 0497 2707080.
 

date