Skip to main content

നിരവധി കേസിലെ പ്രതി ഒളിവില്‍ കഴിയവേ വലയിലായി 

രണ്ട് വധശ്രമ കേസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയും നിലവില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളുമായ റാന്നി മുക്കാലുമണ്‍ തുണ്ടിയില്‍ വീട്ടില്‍ വിശാഖ് (27) തമിഴ്‌നാട്ടിലെ എരുമപ്പെട്ടിയില്‍ ഒളിവില്‍ കഴിഞ്ഞുവരവേ പിടിയിലായി. ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ തുടര്‍ന്നു വരുകയാണ്. മുക്കാലുമണ്ണില്‍ രാജേഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. ഈ കേസിലെ കൂട്ടുപ്രതികളായ മുക്കാലുമണ്‍ മോടിയില്‍ അജു എം. രാജന്‍, മുക്കാലുമണ്‍ ആറ്റുകുഴി തടത്തില്‍ അരുണ്‍ ബിജു എന്നിവരും പിടിയിലായി.
    ഇതര സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളജുകളില്‍ വന്‍ തുക കമ്മീഷന്‍ വാങ്ങി അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കുകയായിരുന്നു വിശാഖ്.  സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റും കാരണം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്ന വിദ്യാര്‍ഥികള്‍ പരാതി നല്‍കിയാല്‍ അവരെ ഇയാള്‍ മര്‍ദ്ദനത്തിനിരയാക്കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നതായും പോലീസ് പറയുന്നു. 
ബാംഗളൂര്‍, സേലം, കോയമ്പത്തൂര്‍, നാമക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു പ്രതികള്‍. ഒന്നാം പ്രതിയായ വിശാഖ് ഇയാളുടെ വാഹനം രൂപം മാറ്റി ഉപയോഗിക്കുന്നതായി കണ്ടെത്തിയ പോലീസ് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്താലാണ് പ്രതികളെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തത്. റാന്നി ഡിവൈഎസ്പി മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ  പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷ്, എസ്‌ഐ അനീഷ്, സിപിഒമാരായ ലിജു, ബിജു മാത്യു, വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ ഇവരെ പിടികൂടിയത്.

date