Skip to main content

സഫായി കര്‍മ്മചാരീസ് ദേശീയ  കമ്മീഷനംഗം തൊടുപുഴയില്‍ സന്ദര്‍ശനം നടത്തി.

സഫായി കര്‍മ്മചാരീസ് ദേശീയ  കമ്മീഷനംഗം ഡോ. പി.പി. വാവ തൊടുപുഴ നഗരസഭയില്‍ സന്ദര്‍ശനം നടത്തി. ശുചീകരണ തൊഴിലാളികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ നടത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ഇതോടനുബന്ധിച്ച് തൊടുപുഴ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ശുചീകരണ തൊഴിലാളികളുടെ യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം
 സഫായി കര്‍മ്മചാരീസ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളും ശുചീകരണ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും  വിശദീകരിച്ചു.
തൊഴിലാളികളുമായി നേരിട്ട് സംവദിച്ച ശേഷം വിവിധ തലങ്ങളില്‍ ജോലി ചെയ്ത ശേഷം റിട്ടയര്‍ ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പുനരധിവസിപ്പിക്കല്‍, ബാങ്ക് വായ്പ ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കല്‍, സബ്‌സിഡിയോടു കൂടി സാമ്പത്തിക സഹായം അനുവദിക്കല്‍ തുടങ്ങി നിലവിലുള്ള തൊഴിലാളികള്‍ക്കും ജോലിയില്‍ നിന്ന് പിരിഞ്ഞവര്‍ക്കുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും കമ്മീഷനംഗം സംസാരിച്ചു.  

 നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ കെ.ദീപക്, ജോസഫ് ജോണ്‍, ജോസ് മഠത്തില്‍, സഫിയ ജബ്ബാര്‍, ജെസി ആന്റണി, ബിന്ദു പദ്മകുമാര്‍, ടി.എസ്. രാജന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. എസ്. മധു, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജസീര്‍.പി.വി., തൊടുപുഴ നഗരസഭാ സെക്രട്ടറി ബിജു മോന്‍ ജേക്കബ്ബ്, ശുചീകരണ തൊഴിലാളികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12ന് ജില്ലാ ആസ്ഥാനത്തെത്തുന്ന  സഫായി കര്‍മ്മചാരീസ് ദേശീയ കമ്മീഷനംഗം ഡോ. പി.പി. വാവ, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കും. വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. ഇടുക്കി ജില്ലയിലെ ത്രിദിന സന്ദര്‍ശനത്തിനു ശേഷം വെള്ളിയാഴ്ച അദ്ദേഹം മടങ്ങും.

date