Skip to main content

സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് 20% മുതല്‍ 40% വരെ സബ്‌സിഡിയുമായി അനെര്‍ട്ട്

 

 

 

അനെര്‍ട്ട് മുഖേന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സബ്സിഡിയോടുകൂടി ഗ്രിഡ് ബന്ധിത സൗരരോര്‍ജ്ജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്ന 'സൗര തേജസ്സ് '  പദ്ധതിയില്‍  രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  പദ്ധതിയില്‍ 2 കെ.വി മുതല്‍ 3 കെ.വി വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40% സബ്‌സിഡിയും 3 കെ.വിയ്ക്കു മുകളില്‍ 10 കെവി വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക്  20% വരെ സബ്‌സിഡിയും ലഭിക്കും. 

 

വീടുകളിലെ മേല്‍ക്കൂരയില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്നും സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിലൂടെ വീടുകളില്‍ വില കൊടുത്ത് വാങ്ങുന്ന വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സൗര മേല്‍ക്കൂര വൈദ്യുതി നിലയം. ഇത്തരം സൗര വൈദ്യുത നിലയങ്ങളെ നിലവിലുള്ള സംസ്ഥാന വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ അവ സ്ഥാപിക്കുന്ന കെട്ടിടത്തിലെ വൈദ്യുതാവശ്യം നിറവേറ്റുന്നതിനും അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും കഴിയുന്നു. അങ്ങനെ ഉല്പാദിപ്പിച്ചു സംസ്ഥാന ശൃംഖലയിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലില്‍ കുറവ് ചെയ്ത് കിട്ടുകയും ചെയ്യും.  അനെര്‍ട്ടിന്റെ www.buymysun.com  എന്ന വെബ്‌സൈറ്റ് വഴിയും ഉര്‍ജ്ജമിത്ര കമ്പയ്ന്‍ പാര്‍ട്ണര്‍ വഴിയും അപേക്ഷിക്കാം.  രജിസ്‌റ്റർ ചെയ്യുന്നതിൻ്റെ  മുന്‍ഗണനാ ക്രമത്തില്‍ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ.  കൂടുതല്‍ വിവരങ്ങള്‍ക്ക്  0495 2804411,  9188119411, ഇ മെയില്‍: kozhikode@anert.in

date