Skip to main content

പദ്ധതികൾ കോവിഡ് പ്രതിസന്ധി മറികടക്കാൻ ഉതകുന്നതാവണം: കെ വി സുമേഷ് എം എൽ എ.

പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി ജില്ലാ വികസന രേഖ തയ്യാറാക്കുന്നതിനും വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടങ്ങി. അതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ്  യോഗം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കെ വി സുമേഷ് എം എൽ എ ഉൽഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധികൾ മറികടക്കാൻ ഉതകുന്നതാവണം പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡാനന്തര ലോക സാമ്പത്തികരംഗം അതിസങ്കീർണ്ണമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വരും വർഷങ്ങളിൽ അതീവ ദാരിദ്യമാവും ലോകമാകെ അഭിമുഖീകരിക്കേണ്ടി വരികയെന്നും അവർ പറയുന്നു. ഇത് മുന്നിൽ കണ്ടാണ് പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകണമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞത്. ഇത് സാധൂകരിക്കുന്നതാവണം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ-കെ വി സുമേഷ് എം എൽ എ പറഞ്ഞു. സാധാരണ മനുഷ്യജീവിതവുമായി നിരന്തരം ചേർന്ന് നിൽക്കുന്ന സ്ഥാപനങ്ങളെ ആധുനികീരിക്കാനും വിപുലപ്പെടുത്താനും കഴിയുന്നതാവണം വികസന നയം. സാങ്കേതിക വിദ്യയുടെ വളർച്ച  പൗരബോധത്തിലും ജീവിത വീക്ഷണങ്ങളിലും വരുത്തിയ മാറ്റത്തെ അഭിമുഖീകരിക്കാൻ പുതിയ വികസന രേഖയ്ക്ക് കഴിയണം.  ജില്ലയെ പൊതു യൂണിറ്റായി കണ്ട് വേണം പദ്ധതികൾ തയ്യാറാക്കേണ്ടത്-അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ വികസന സമീപനം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സംസാരിച്ചു. വർക്കിംഗ് ഗ്രൂപ്പ് ഭാരാവാഹികൾ, അംഗങ്ങൾ എന്നിവരുടെ പേരുകൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ വായിച്ചു. സ്ഥിരം സമിതി ഭാരവാഹികളായ യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, തോമസ് വക്കത്താനം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date